Share this Article
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി; പ്രസ്താവന നടക്കാത്ത കാര്യം, കരാറിന് പുറത്തുള്ള കേരളത്തിൻ്റെ ഒരിഞ്ച് ഭൂമി വിട്ട് കൊടുക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
വെബ് ടീം
posted on 17-12-2024
1 min read
roshy augustin

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് മന്ത്രി ഐ പെരിയസ്വാമിയ്ക്ക് മറുപടിയുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പാട്ടക്കരാറിന് പുറത്തുള്ള കേരളത്തിൻ്റെ ഒരിഞ്ച് ഭൂമി വിട്ട് കൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന നടക്കാത്ത കാര്യമാണെന്നും പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

മുല്ലപ്പെരിയാർ കരാർ പുനപരിശോധന തലത്തിലേക്ക് വരുന്ന രീതിയിലാണ് കാര്യങ്ങൾ, ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേന്ദ്ര ജല കമ്മീഷന് കേരളത്തിൻ്റെ ആവശ്യം ബോധ്യപ്പെട്ടിട്ടുണ്ട്. 139 അടിയിൽ നിലനിറുത്തണമെന്നാണ് കോടതി വിധി. സംസ്ഥാനത്തിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഡാം ഉണ്ടാവണമെന്നാണ് കേരളത്തിൻ്റെ താൽപ്പര്യം. രണ്ട് സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കണമെന്നും സൗഹൃദമായി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നായിരുന്നു തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ.പെരിയസാമിയുടെ പ്രഖ്യാപനം. തമിഴ്നാടിന്റെ സ്വപ്നം ഡിഎംകെ സർക്കാർ യാഥാർത്ഥ്യമാക്കുമെന്നും പെരിയസാമി പറയുന്നു. അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി 10 വർഷമായി 142 അടിയിൽ തുടരുകയല്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു മറുപടി. തേനിയിൽ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories