Share this Article
ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം,വൈകിയത് ഒളിച്ചോട്ടമല്ല; തെറ്റ് ചെയ്തവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷിക്കണമെന്ന് ‘അമ്മ
വെബ് ടീം
posted on 23-08-2024
1 min read
AMMA PRESSMEET

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് 'അമ്മ. മലയാള സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ല. തെറ്റ് ചെയ്തവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷിക്കണം.പ്രതികരണം വൈകിയത് ഒളിച്ചോട്ടമല്ല. 'അമ്മ  ജനറൽ സെക്രട്ടറി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിദ്ദിഖ്, വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്.

അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പ്രതികരണം: അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹൻലാൽ സ്ഥലത്തില്ല. അവരോടുൾപ്പെടെ ചർച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹം.റിപ്പോർട്ട് പുറത്തുവരുന്നതിനെ എതിർട്ടില്ല. അതിനെയും സ്വാഗതം ചെയ്തിരുന്നു. റിപ്പോർട്ടിൽ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങൾ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് സങ്കടകരം.

മലയാള സിനിമ മേഖല മുഴുവൻ മോശമാണെന്ന് സാമാന്യവത്കരിക്കുന്നതിനോട് യോജിപ്പില്ല. അടച്ചാക്ഷേപിച്ചുള്ള ആരോപണങ്ങൾ വിഷമങ്ങളുണ്ടാക്കി. പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അത് എവിടെ നിന്നുവന്നു എന്ന് അറിയില്ല. എല്ലാ സംഘടനകളിൽനിന്നും 2 പേരെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതേക്കുറിച്ചാണോ പറഞ്ഞതെന്നറിയില്ല.

അങ്ങനെ ആരെങ്കിലും പവർ ഗ്രൂപ്പായി പ്രവർത്തിച്ചാൽ സിനിമ മേഖല മുന്നോട്ടുപോകില്ല. മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഹേമ കമ്മിറ്റിയെക്കുറിച്ച് പ്രതികരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. അങ്ങനെ ഒഴിഞ്ഞുമാറാനാകില്ല. കാരണം ഞാനൊരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്. പരിപൂർണമായും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നു. അതിലെ നിർദേശങ്ങൾ എല്ലാം നടപ്പിലാക്കണം.

2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. അന്ന് ഞാൻ വെറും എക്സിക്യൂട്ടിവ് മെമ്പർ മാത്രമായിരുന്നു. അന്ന് പരാതി ശ്രദ്ധയിൽപ്പെട്ടില്ല. അത് തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാൻ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് മറ്റു പരാതികൾ അമ്മയ്ക്ക് ലഭിച്ചിട്ടില്ല. ലൈംഗികാതിക്രമത്തേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്ന പ്രശ്നമാണ് സിനിമ മേഖല നേരിടുന്ന വലിയ പ്രശ്നം. ലൈംഗികാതിക്രമ ആരോപണങ്ങളിൽ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ ആലോചിച്ചു തീരുമാനമെടുക്കും.

അമ്മ സംഘടനയിലെ ഭൂരിഭാഗം പേരെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടില്ല. എന്നെ വിളിച്ചിട്ടില്ല. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരെ വിളിച്ചിരുന്നു. അവരോട് പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങൾ മാത്രമാണ് ചോദിച്ചതെന്നാണ് അറിഞ്ഞത്.

റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഇതിന്മേൽ സർക്കാർ എന്തു നടപടി സ്വീകരിച്ചാലും പിന്തുണയുണ്ടാകുമെന്നുമാണ് അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടക്കത്തിൽ അറിയിച്ചത്. സിനിമ മേഖലയെ റിപ്പോർട്ടിലെ കാര്യങ്ങൾ  എങ്ങനെയാണ് ബാധിക്കുക, എന്തിനാണ് മറുപടി പറയേണ്ടത് എന്നതൊക്കെ റിപ്പോർട്ട് പഠിച്ച ശേഷം എന്നായിരുന്നു അമ്മ ജനറൽ‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞിരുന്നത്. സിനിമയിലെ മറ്റു സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. വളരെ സെൻസിറ്റീവ് ആയ വിഷയമായതിനാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ പഠിച്ചതിനു ശേഷമേ പറയാൻ പാടുള്ളൂവെന്നും താനോ സഹപ്രവർത്തകരോ ഇതിനെക്കുറിച്ച് അറിയാെത എന്തെങ്കിലും പറഞ്ഞു പോയാൽ ഭാവിയിൽ വലിയ ദൂഷ്യഫലങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു റിപ്പോർട്ട് പുറത്തുവന്ന ദിവസം സിദ്ദിഖ് പ്രതികരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories