തിരുവനനന്തപുരം: എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷയിൽ 99.69 ആണ് വിജയശതമാനം. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 4,25,563 പേർ വിജയിച്ചു. 71,831 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 68,604 ആയിരുന്നു. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയമാണ് (99.92 ശതമാനം). വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08 ശതമാനം). വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാല (100ശതമാനം), ഏറ്റവും കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല (ആറ്റിങ്ങൽ–99 ശതമാനം). ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്– 4964 പേർ.
നാലോടെ മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിന്നത്; കഴിഞ്ഞവർഷത്തെക്കാൾ 7977 വിദ്യാർഥികൾ കൂടുതൽ. 99.7% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം.
പരീക്ഷാ ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ഫലങ്ങളറിയാൻ സഫലം 2024 മൊബൈൽ ആപ്പും
എസ്എസ്എൽസി / ഹയർ സെക്കൻഡറി/ വിഎച്ച്എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. എസ്എസ്എൽസിയുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 'Saphalam 2024' എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.