Share this Article
രാജ്യത്തെ ടോപ് 10 പട്ടികയിൽ കേരളവിഷൻ; ദേശീയ അംഗീകാരത്തിന്റെ ഭാഗമായി വിഷൻ സക്സസ് ക്യാമ്പയിന് ജൂലൈ 26 ന് തുടക്കം
വെബ് ടീം
posted on 24-07-2023
1 min read
keralavision in TOP 10  list in India

തിരുവനന്തപുരം: കേരളവിഷന് ദേശീയ തലത്തിൽ അഭിമാന നേട്ടവും  അംഗീകാരവും. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ രൂപം നൽകിയ കേരളവിഷൻ ഡിജിറ്റൽ ടിവി, കേരള വിഷൻ ബ്രോഡ്ബാന്റ് എന്നീ രണ്ടു സംരംഭങ്ങളും ഇന്ത്യയിൽ ഈ രംഗത്ത്  ഏറ്റവും കൂടുതൽ വരിക്കാരുള്ള 10 കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ചു. 10 ലക്ഷം വരിക്കാരുമായി രാജ്യത്തെ ടോപ് 10 ബ്രോഡ്ബാന്റ് സേവന ദാതാക്കളുടെ പട്ടികയിലേക്ക് കേരള വിഷൻ ബ്രോഡ്ബാന്റ് സർവ്വീസും 30 ലക്ഷം വരിക്കാരുള്ള കേരള വിഷൻ ഡിജിറ്റൽ കേബിൾ ടി വി ആറാം സ്ഥാനത്തും എത്തിയാണ് അഭിമാന നേട്ടം കൈവരിച്ചത്. ഗ്രാമീണ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവയുടെ വിഭാഗത്തിലും കേരളവിഷൻ വളരെ മുന്നിലാണ്. കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന കേരളവിഷൻ കോർപറേറ്റ് കുത്തകകളുടെ  കടുത്ത മൽസരത്തെയും പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചു കൊണ്ടാണ് രാജ്യം ശ്രദ്ധിക്കുന്ന നേട്ടങ്ങൾ കൈവരിച്ചത്.

അതിവേഗ ഇന്റർനെറ്റിനെ ബഹുദൂരം മുന്നിലെത്തിച്ചു പ്രഥമസ്ഥാനത്തേക്ക് കുതിക്കുന്ന ചെറുകിട കേബിൾ ടിവി സംരംഭകരുടെ കൂട്ടായ്മക്ക് ലഭിച്ച ദേശീയ അംഗീകാരത്തിന്റെ ഭാഗമായി കേരളാവിഷൻ ഒരു വർഷം നീണ്ട ക്യാമ്പയിന് തുടക്കം കുറിക്കുകയാണ്.വിഷൻ - സക്സസ് എന്ന ഈ ക്യാമ്പയിൻ  പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 26 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നിരവധി വിശിഷ്ട അതിഥികളുടെ സാന്നിദ്ധ്യത്തിൽ നടക്കും. ടോപ് ടെൻ നേട്ടത്തിന്റെ ഔപചാരികമായ പ്രഖ്യാപനം ധനകാര്യവകുപ്പു മന്ത്രി കെ.എൻ ബാലഗോപാൽ, നമ്പർ വൺ കേരള ക്യാമ്പയിൻ ഉദ്ഘാടനം വ്യവസായ വകുപ്പു മന്ത്രി പി രാജീവ് എന്നിവർ നിർവ്വഹിക്കും. കേരള വിഷന്റെ ഡിജിറ്റൽ കേരള സ്കീമുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.വേണു ഐ.എ.എസ് ആണ്.

കേരളത്തിന്റെ നോളജ് ഇക്കോണമിയുടെ വികസനത്തിൽ കേബിൾ ടി വി ഓപ്പറേറ്റർമാരുടെ പങ്കാളിത്തം എന്ന വിഷയത്തിൽ സംസ്ഥാന ഐ ടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽകർ ഐ.എ.എസ്, കെ.ഡീസ് മെമ്പർ സെക്രടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് , സി.ഒ.എ. ജനറൽ സെക്രട്ടറി കെ.വി.രാജൻ എന്നിവരും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. സി.ഒ.എ പ്രസിഡണ്ട് അബൂബക്കർ സിദ്ധിക് അധ്യക്ഷത വഹിക്കുന്ന വിഷൻ സക്സസിന് സ്വാഗതമാശംസിക്കുന്നത് കേരള വിഷൻ ചെയർമാൻ കെ ഗോവിന്ദനും നന്ദി പ്രകാശനം മാനേജിംഗ് ഡയറക്ടർ പി.പി. സുരേഷുമാറും നിർവ്വഹിക്കും.

കെ.ഗോവിന്ദൻ (ചെയർമാൻ കേരള വിഷൻ), ജ്യോതികുമാർ വി.എസ് (ഡയറക്ടർ കേരള വിഷൻ), നിസാർ  കോയപ്പറമ്പിൽ (സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട്), ബിജുകുമാർ (സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), ഹരികുമാർ (സി.ഒ.എ തിരുവനന്തപുരം ജില്ലാസെക്രട്ടറി) എന്നിവർ  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories