തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിൽ വച്ചാണ് കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്‌മിയുടെ വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്.ചെറുന്നിയൂർ സ്വദേശിയാണ് വരൻ.
അച്ഛന്റെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ച് കണ്ണീരോടെയാണ് ശ്രീലക്ഷ്‌മി താലികെട്ടിനായി പോയത്.
നേരത്തെ വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ശ്രീലക്ഷ്‌മിയുടെ അച്ഛൻ രാജു കൊല്ലപ്പെടുന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നാട്ടുകാരനായ യുവാവും സംഘവുമാണ് രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും യുവതിയെയാണ് ആദ്യം ആക്രമിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. പെൺകുട്ടിയെ ആക്രമിക്കാൻ വന്നപ്പോൾ തടയാൻ ചെന്നപ്പോഴാണ് ശ്രീലക്ഷ്‌മിയുടെ അച്ഛന്‍ രാജുവിന് അടിയേറ്റത്. അക്രമികൾ ആശുപത്രി വരെ പിന്തുടർന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടുവെന്നും രാജുവിന്റെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.