ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് ഇറാന്‍ സ്ഥിരീകരിച്ചു.
തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കരികില്‍ രക്ഷാപ്രവര്‍ത്തകരെത്തിയെങ്കിലും ആരെയും കണ്ടെത്തിയിരുന്നില്ല. അപകടത്തില്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയുമടക്കം എല്ലാവരും കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് ഇറാന്‍ റെഡ് ക്രസന്റ് മനുഷ്യാവകാശ സംഘടനയും അറിയിച്ചു. പ്രസിഡന്റ് ,വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ എന്നിവര്‍ക്ക് പുറമെ ഈസ്റ്റേണ്‍ അസൈര്‍ബൈജാന്‍ ഗവര്‍ണര്‍ മലേക് റഹ്‌മതി, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ് തുടങ്ങിയവരെല്ലാം കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം.
മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.രക്ഷാദൗത്യത്തിന് ഇറാന് റഷ്യയുടെയും തുര്‍ക്കിയുടെയും സഹായം ലഭിച്ചിരുന്നു. അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഹെലികോപ്റ്റര്‍ ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത് .
14 മണിക്കൂറിലേറെയായി നാല്‍പതിലേറെ സംഘങ്ങള്‍ നടത്തിയ തെരച്ചിലിലാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അണക്കെട്ട് ഉദ്ഘാടനത്തിനായാണ് ഇറാന്‍ പ്രസിഡന്റ് അസര്‍ബൈജാനിലെത്തിയത്. ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ ഇന്ത്യന്‍ പ്രധാമനന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അതേസമയം ഇറാന്റെ താത്കാലിക പ്രസിഡന്റായി മുഹമ്മദ് മുക്ബറിനെ തെരഞ്ഞെടുത്തു.