കൊച്ചി: യുഡിഎഫിന് തൃക്കാക്കര നഗരസഭ ഭരണം നഷ്ടമാകും. യുഡിഎഫിനെ പിന്തുണച്ചിരുന്ന നാലു സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്ര അംഗങ്ങള്‍ അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിട്ടതോടെ എല്‍ഡിഎഫിന് 22 അംഗങ്ങളുടെ പിന്തുണയാകും. അബ്ദുഷാന, ഇപി കാദര്‍ കുഞ്ഞ്, വര്‍ഗീസ് പ്ലാശേരി, ഓമന സാബു എന്നി കൗണ്‍സിലര്‍മാരാണ് എല്‍ഡിഎഫിന് പിന്തുണ അറിയിച്ചത്. ഇക്കാര്യം വിശദീകരിച്ച് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളെ കണ്ടു.
വിമതരില്‍ ഒരാളെ അധ്യക്ഷനാക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പുനൽകിയതായി സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ചെയര്‍ പേഴ്‌സന്‍ സ്ഥാനത്തെ ചൊല്ലിയുള്ള എ, ഐ ഗ്രൂപ്പ് തര്‍ക്കമാണ് ഭരണം യുഡിഎഫിന് നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. 43 അംഗ നഗരസഭയില്‍ യുഡിഎഫിന് 21, എല്‍ഡിഎഫ് 17, അഞ്ച് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് കക്ഷി നില. ഒരു സ്വതന്ത്രന്‍ എല്‍ഡിഎഫിനൊപ്പം പോകുകയും മറ്റ് നാല് സ്വതന്ത്രര്‍ പിന്തുണച്ചതോടെയാണ് യുഡിഎഫ് ഭരണം നടത്തിയത്.
അജിത തങ്കപ്പനെ ചെയര്‍ പേഴ്‌സനാക്കുകയും രണ്ടരവര്‍ഷത്തിന് ശേഷം ചെയര്‍പേഴ്‌സന്‍ സ്ഥാനം എ ഗ്രൂപ്പ് അംഗത്തിന് നല്‍കാമെന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ കരാര്‍. ഇതേതുടര്‍ന്നുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് എല്‍ഡിഎഫിന്റെ ചടുലനീക്കം. പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് എല്‍ഡിഎഫ് തീരുമാനം. നാലു സ്വന്ത്ര അംഗങ്ങളില്‍ ഒരാളായ ഓമന സാബുവിനെ ചെയര്‍ പേഴ്‌സനാക്കാനാണ് തീരുമാനം.