ആരോഗ്യരംഗത്ത് കേരളത്തിന് പുതിയ നേട്ടം. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച തിക്കോടിയിലെ 14 കാരന് രോഗമുക്തി. ഇന്ത്യയിൽ ഇതാദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചയാൾക്ക് രോഗമുക്തി ഉണ്ടാകുന്നത്. 14 കാരൻ ഇന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി വിടും .
95 മുതൽ 97% വരെ മരണസാധ്യതയുള്ള രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. ലോകത്ത് ഇതുവരെയായി ആകെ എട്ടുപേർക്ക് മാത്രമാണ് രോഗമുക്തി ഉണ്ടായിട്ടുള്ളത്. അതിൽ ഒരാളായിരിക്കുകയാണ് കോഴിക്കോട് തിക്കോടിയിലെ 14 കാരൻ. ജൂലൈ ഒന്നിനാണ് 14 കാരനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പി സി ആർ പരിശോധനയിൽ പോസിറ്റീവ് കണ്ടെത്തി.
മൂന്നാഴ്ച കഴിഞ്ഞ നടത്തിയ രണ്ടാം PCR പരിശോധനയിലാണ് ഫലം നെഗറ്റീവായിരിക്കുന്നത്. ബേബി മെമ്മോറിയൽ ആശുപത്രി പീഡിയാട്രിക് ഇൻ്റൻസീവ് കെയർ മേധാവി ഡോ.അബ്ദുൽ റൗഫിൻ്റെ നേതൃത്വത്തിലാണ് കുട്ടിയെ പരിചരിച്ചത്.
ജർമ്മനിയിൽ നിന്ന് എത്തിച്ച മരുന്നും ആൻ്റി ബയോട്ടിക്, ആൻ്റി ഫങ്കൽ മരുന്നുകളുടെ മിശ്രിതവുമാണ് കുട്ടിക്ക് നൽകിയിരുന്നത്. നേരത്തെ രോഗനിർണയം നടത്താൻ കഴിഞ്ഞത് ചികിത്സയിൽ നിർണായകമായെന്നാണ് ഡോക്ടർമാർ പറയുന്നത്.