ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറി ഡോ. വേണു, ടി പി രാമകൃഷ്ണന്‍ എംഎല്‍എ എന്നിവരാണ് ഹര്‍ജിക്കാര്‍. ഗവര്‍ണര്‍ സുപ്രധാന ബില്ലുകള്‍ ഒപ്പിടാന്‍ വൈകുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്ന ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും നിയമസഭാ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ തമിഴ്‌നാടും പഞ്ചാബും സമര്‍പ്പിച്ച ഹര്‍ജികളില്‍ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.