മുംബൈ: ജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്തി നൽകിയ മുംബൈ പൊലീസിന് നന്ദി അറിയിച്ച് നടിയും മോഡലുമായ സണ്ണി ലിയോൺ. കഴിഞ്ഞ ദിവസമാണ് ഒമ്പത് വയസ്സുള്ള കുട്ടിയെ മുംബൈയിലെ ജോഗേശ്വരിയിൽ നിന്ന് കാണാതായത്. വീട്ടിലെ സഹായിയുടെ മകളെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നടി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.
കാണാതായ കുട്ടി അനുഷ്‌ക കിരൺ മോറെയുടെ ചിത്രവും വിവരങ്ങളും പങ്കുവെച്ചായിരുന്നു സണ്ണി ലിയോണിന്റെ സഹായ അഭ്യർഥന. വ്യാഴാഴ്ച വൈകുന്നേരം മുതൽ ജോഗേശ്വരി വെസ്റ്റിലെ ബെഹ്‌റാം ബാഗിൽ നിന്ന് അനുഷ്കയെ കാണാനില്ലെന്ന് മുംബൈ പൊലീസിന്റെയും ബിഎംസിയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ ടാഗ് ചെയ്തുകൊണ്ട് സണ്ണി ലിയോൺ പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികമായി നല്‍കുമെന്നും സണ്ണി ലിയോൺ പറഞ്ഞു.
സണ്ണിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ഒമ്പത് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും കുട്ടിയെ കണ്ടെത്തി. സണ്ണി തന്നെയാണ് പെണ്‍കുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ‘കണ്ടെത്തി…ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി!!. ദൈവം വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പൊലീസിന് വളരെയധികം നന്ദി’- സണ്ണി കുറിച്ചു.