ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും എം.പി. അയോഗ്യത ലോക്‌സഭാ സെക്രട്ടേറിയറ്റ് നീക്കി.വിജ്ഞാപനം പുറത്തിറക്കി. രാഹുലിന്റെ എംപി സ്ഥാനം പുനസ്ഥാപിച്ചു.വയനാട്ടില്‍നിന്നു ലോക്‌സഭാംഗമാണ് രാഹുല്‍.
134 ദിവസത്തിനു ശേഷമാണ് രാഹുൽ പാർലമെന്റിലേക്ക് എത്തുന്നത്. മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് രാഹുൽ ഗാന്ധി ഉണ്ടാകും.
അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കോടതി വിധിയും അനുബന്ധ രേഖകളും കോണ്‍ഗ്രസ് ശനിയാഴ്ച തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റിനു കൈമാറിയിരുന്നു.
രണ്ടു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ച് സൂറത്ത് കോടതി വിധി വന്നതിനു പിന്നാലെ, ജനപ്രാതിനിധ്യ നിയമപ്രകാരം ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയായിരുന്നു. വിധിക്കെതിരായ അപ്പീല്‍ ജില്ലാ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹൂല്‍ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. ജില്ലാ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയെങ്കിലും സുപ്രീം കോടതിയില്‍ നിന്ന് രാഹുലിന് അനുകൂല വിധി നേടാനായി.
രാഹുലിന് പരമാധി ശിക്ഷ നല്‍കിയതിനു വിചാരണക്കോടതി കാരണം കാണിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചത്. രാഹുലിന്റെ അപ്പീലിലെ അന്തിമ വിധിക്കു വിധേയമായിരിക്കും സ്റ്റേയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.