Share this Article
യാത്രാ ബോട്ടിലേക്ക് നാവികസേനയുടെ ബോട്ട് കൂട്ടിയിടിച്ചു; മരണം 13 ആയി
വെബ് ടീം
5 hours 15 Minutes Ago
1 min read
13 DIED

മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. സ്പീഡ് ബോട്ടിടിച്ച് തകര്‍ന്ന യാത്ര ബോട്ടില്‍ നൂറിലധികം പേരുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസാണ് മരണ സംഖ്യ പുറത്തുവിട്ടത്. 101 പേരെ രക്ഷപ്പെടുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.രക്ഷപ്പെട്ടവരില്‍ ചിലര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ നീല്‍കമല്‍ എന്ന യാത്ര ബോട്ടില്‍ ആറു പേര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അപകടം.

അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളടക്കം അപകടത്തില്‍പ്പെട്ട യാത്രാ ബോട്ടില്‍ നിന്നാണ് പകര്‍ത്തിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. സ്പീഡ് ബോട്ട് കടലില്‍ സിഗ്സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേണ്‍ ചെയ്ത് യാത്ര ബോട്ടിന് നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്പീഡ് ബോട്ട് നിയന്ത്രണംവിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന അറിയിച്ചു. നാവികസേനാ ബോട്ടിന്റെ എഞ്ചിന്‍ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോള്‍ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേര്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടത്തിന്റെ ദൃശ്യം ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories