കൊച്ചി കോര്‍പ്പറേഷന്റെ ബ്രഹ്‌മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റിലുണ്ടായ തീപിടുത്തം അണയ്ക്കാന്‍ ചെലവായത് ഒരു കോടി രൂപയിലധികമെന്ന് വിവരാവകാശ രേഖ. ദുരന്തിവാരണ അതോരിറ്റി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ദിവസങ്ങളോളം നീണ്ടു നിന്ന തീപിടുത്തമാണ് കൊച്ചി ബ്രഹ്‌മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ ഉണ്ടായത്. തീ അണക്കുന്നതിനായി അഗ്നി ശമന സേനയുടെ ഭാഗത്തു നിന്ന് ഹിറ്റാച്ചി, ഫ്‌ലോട്ടിംഗ് മെഷീന്‍, പമ്പ് , മോട്ടോര്‍ തുടങ്ങിയ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചിരുന്നു. ഒപ്പം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്ജ്, ഓപ്പറേറ്റര്‍മാര്‍ക്കുള്ള ബാറ്റ, മണ്ണ് പരിശോധനയ്ക്ക് വേണ്ടി വന്ന ഫീസ്, താല്ക്കാലിക വിശ്രമ കേന്ദ്രങ്ങള്‍, ബയോ ടോയ്‌ലറ്റ്, ലൈറ്റ്, ഭക്ഷണം തുടങ്ങിയക്കായി ആകെ കോര്‍പ്പറേഷന് 90 ലക്ഷം രൂപ ചെലവു വന്നു എന്നാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ, തീപിടുത്തവുമായി ബന്ധപ്പെട്ട് അഗ്നി ശമന പ്രവര്‍ത്തനങ്ങളില്‍ പ്രയത്‌നിച്ച ഉദ്യോഗസ്ഥര്‍ക്കായി കാക്കനാട് ആരംഭിച്ച മെഡിക്കല്‍ ക്യാംപിലേയ്ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ബന്ധപ്പെട്ട് 11 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ താമസ സൗകര്യവും ഇതില്‍ ഉള്‍പ്പെടുന്നു.
ഇതിനെല്ലാം പുറമെ 13 ലക്ഷം രൂപയുടെ ക്ലെയിം ജില്ല മെഡിക്കല്‍ ഓഫീസര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇനി പണം നല്‍കാനുള്ളവരുടെ വിവരങ്ങളും തുക സംബന്ധിച്ച വിശദാംശങ്ങളും സംസ്ഥാന സര്‍ക്കാരിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും ജില്ല ദുരന്ത നിവാരണ അതോരിറ്റിയുടെ രേഖയില്‍ പറയുന്നു.