സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സുബ്രത റോയ് അന്തരിച്ചു.ദീര്‍ഘനാളായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് സഹാറ ഗ്രൂപ് അറിയിച്ചു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലിലും മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചത്.മെറ്റാസ്റ്റാറ്റിക് മാലിഗ്‌നന്‍സി, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളെ തുടര്‍ന്ന് ആരോഗ്യം മോശമായിരുന്നു.1948ല്‍ ബീഹാറിലെ അറാറയയില്‍ ജനിച്ച സുബ്രത റോയ് രാജ്യത്തെ വ്യവസായ രംഗത്തെ പ്രമുഖനായിരുന്നു.
1976ല്‍ സഹാറ ഫിനാന്‍സ് കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്ത് സജീവമായത്. കേവലം 2000 രൂപ മൂലധനത്തില്‍ ആരംഭിച്ച കമ്പനി രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നായി മാറി. പിന്നീട് ബിഹാറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് താമസം മാറ്റി. തുടര്‍ന്ന്, 1990-കളില്‍ സുബ്രത റോയ് ലഖ്നൗവിലേക്ക് ചേക്കേറുകയും നഗരത്തെ തന്റെ കമ്പനിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. സഹാറ ചിട്ടി ഫണ്ട് കുംഭകോണത്തെ തുടര്‍ന്ന് കമ്പനി നിരവധി പ്രതിസന്ധികള്‍ നേരിട്ടു.
സെബിയില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് റജിസ്റ്റര്‍ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസില്‍ 2010ല്‍ സെബി അന്വേഷണം ആരംഭിച്ചതോടെ കമ്പനി തിരിച്ചടി നേരിട്ടു. ഇത്തരത്തില്‍ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകര്‍ക്കു തിരികെ നല്‍കാന്‍ 2012ല്‍ സുപ്രീം കോടതി വിധിച്ചു. കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് 2014ല്‍ സുബ്രതോ റോയിയെ സുപ്രീം കോടതി തടവിലാക്കി. 2016ല്‍ പരോളില്‍ പുറത്തിറങ്ങിയെങ്കിലും സഹാറ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു.അദ്ദേഹത്തിന്റെ നഷ്ടം സഹാറ ഇന്ത്യ പരിവാറിന് ആഴത്തില്‍ അനുഭവപ്പെടുമെന്ന് കമ്പനി പറഞ്ഞു.