Share this Article
63ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു
 63rd Kerala School Arts Festival

തിരുവനന്തപുരം വേദിയാകുന്ന അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. 8 വർഷത്തിന് ശേഷമാണ് തലസ്ഥാന നഗരി  സംസ്ഥാന സ്കൂൾ കലോത്സത്തിന് വേദിയാകാൻ പോകുന്നത്.

2025 ജനുവരി 4 മുതൽ 8 വരെയാണ് തിരുവനന്തപുരത്ത് വെച്ച് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. 2016 ന് ശേഷം വീണ്ടും, വിദ്യാഭ്യാസ മന്ത്രിയുടെ തന്നെ ജില്ലയിലാണ് കലോത്സവം നടക്കാൻ പോകുന്നത് എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്. എസ്.ഇ വിഭാഗങ്ങളിൽ മാത്രമായി പതിനാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നാണ് കണക്ക്.

നഗരത്തിനകത്തെ 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക, പുത്തരിക്കണ്ടം മൈതാനം പ്രധാന വേദിയാകും. കലോത്സവത്തിനായി  സംഘാടകസമിതി രൂപീകരിച്ചു, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു…

മത്സരയിനങ്ങളിൽ തദ്ദേശീയ കലാരൂപങ്ങളെ ഉൾപ്പെടുത്തിയതും ഇത്തവണത്തെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. ആദിവാസി വിഭാഗത്തിൽ നിന്നായി മംഗലംകളി, പണിയ നൃത്തം, ഇരുള നൃത്തം, പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം തുടങ്ങിയ 5 പുതിയ മത്സരയിനങ്ങളാണ് കലോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ചെയർമാനായും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ ഷിബു ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ എ.എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരാണ് കലോത്സവത്തിൻ്റെ മുഖ്യ രക്ഷാധികാരികൾ. 19 അംഗ സബ് കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories