തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് സംശയിക്കുന്ന അഞ്ച് പേർ പിടിയിൽ. സയ്യിദ് സുഹേൽ, ഉമർ, ജാനിദ്, മുദാസിർ, ജാഹിദ് എന്നിങ്ങനെ അഞ്ച് പേരെയാണ് ബംഗളൂരുവിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് പിടികൂടിയത്.
നഗരത്തിൽ സ്‌ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി സിസിബി ഉദ്യോഗസ്ഥർ പറഞ്ഞു. വാർത്ത ഏജൻസിയായ എ എൻ ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു കൊലപാതകക്കെസുമായി ബന്ധപ്പെട്ട് 2017-ൽ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയവെ ഇവർ ഭീകരരുമായി സമ്പർക്കം പുലർത്തിയവരാണെന്നും സിസിബി ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു.
2017-ൽ നടന്ന കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളും തടവിലാക്കപ്പെട്ടവരാണെന്നും അവർ തീവ്രവാദികളുമായി സമ്പർക്കം പുലർത്തുകയും സ്ഫോടനം ആസൂത്രണം ചെയ്യാൻ തുടങ്ങുകയും ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.ഇവരിൽ നിന്ന് ഏഴ് പിസ്റ്റളുകളും വെടിയുണ്ടകളും ഒരു വോക്കി-ടോക്കിയും മറ്റ് വസ്തുക്കളും കണ്ടെടുത്തു. ഇവർക്ക് ആയുധങ്ങൾ നൽകിയ ഒരാൾ ഒളിവിലാണ്.
2017ൽ ബെംഗളൂരു ആർടി നഗർ പൊലീസ് പരിധിയിൽ നടന്ന കൊലപാതകക്കേസിൽ ഉൾപ്പെട്ടവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. ഒളിവിൽ കഴിയുന്ന ആളുൾപ്പെടെ എല്ലാ പ്രതികളും ഈ കേസിലെ പ്രതികളായിരുന്നു. 2008-ലെ ബംഗളൂരു സ്‌ഫോടന പരമ്പരയിലെ പ്രതിയായ നസീറിനെ ഇവർ ജയിലിൽ വച്ച് പരിചയപ്പെടുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.