സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം കാക്കനാട് സൈബർ പൊലീസ് പിടികൂടിയ രണ്ട് പേരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
മൾട്ടിപ്ലക്സ് തിയ്യേറ്ററുകളിലെ റിക്ലൈനർ സീറ്റുകൾ ബുക്ക് ചെയ്താണ് സംഘം സിനിമ ചിത്രീകരിക്കുക. തിയ്യേറ്ററുകളിലെ മധ്യഭാഗത്ത് കിടക്കാൻ കഴിയുന്ന സീറ്റുകൾ ബുക്ക് ചെയ്ത് പുതപ്പിൽ ക്യാമറ ഒളിപ്പിച്ചാണ് സിനിമ ചിത്രീകരിക്കുക.
റിലീസിംഗ് ദിവസം തന്നെ ചിത്രീകരണം നടത്തുന്നതാണ് തമിഴ് റോക്കേഴ്സിൻ്റെ പതിവ്. സിനിമ ഷൂട്ട് ചെയ്യുന്നത് കാണാതിരിക്കാനും ചുറ്റുമുളളവർക്ക് സംശയം തോന്നാതിരിക്കാനും മുന്നൊരുക്കങ്ങളും സംഘം നടത്തും. സംഘത്തില്‍പ്പെട്ടവർ തന്നെയാകും സിനിമ ചിത്രീകരിക്കുന്ന സീറ്റിന്റെ അടുത്തടുത്ത സീറ്റുകളിലുണ്ടാകുക.
കാക്കനാട് പൊലീസ് ബംഗലൂരുവിൽ നിന്നും പിടികൂടിയ പ്രവീൺ കുമാറും കുമരേശനും 33 സിനിമകൾ ഇതുവരെ ചിത്രീകരിച്ചതായി പൊലീസിനോട് സമ്മതിച്ചു.
തമിഴ്, മലയാളം, കന്നഡ സിനിമകളാണ് ഇവർ ചിത്രീകരിച്ചത്.ടൊവിനോ തോമസ് നായകനായ എ ആർ എം തിയേറ്ററുകളിലെത്തിയ അന്ന് തന്നെ സിനിമയുടെ വ്യാജ പതിപ്പുമിറങ്ങിയിരുന്നു.
എആർഎം നിർമ്മാതാക്കളുടെ പരാതിയില്‍ സൈബർ പൊലീസ് ബാംഗ്ലൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കോയമ്ബത്തൂർ എസ് ആർ ക്കെ തിയേറ്ററില്‍ വച്ചാണ് ഇവർ എ ആർ എം സിനിമ റെക്കോർഡ് ചെയ്തത്