കോഴിക്കോട്: അര്‍ജുന്‍റെയോ കുടുംബത്തിന്റെയോ പേരില്‍ ഒരാളോടും അഞ്ചുപൈസ വാങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ലോറിയുടമ മനാഫ്. തന്‍റെ വാക്കുകളോ ഇടപെടലുകളോ അര്‍ജുന്‍റെ കുടുംബത്തെ ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് മാപ്പുപറയുന്നു. അര്‍ജുന്‍റെ കുടുംബം തന്‍റെ കുടുംബത്തിന്‍റെ ഭാഗമാണ്. സഹോദരന്‍ മുബിന്‍ അടക്കമുള്ള കുടുംബാംഗങ്ങളോടൊപ്പമാണ് മനാഫ് മാധ്യമങ്ങളെ കണ്ടത്. ‘യൂട്യൂബ് വഴിയോ അല്ലാതെയോ പണപ്പിരിവ് നടത്തുകയോ സഹായം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ആരോടെങ്കിലും ഒരു രൂപ വാങ്ങിയെന്ന് തെളിയിച്ചാല്‍ മാനാഞ്ചിറ മൈതാനത്തുവന്നുനില്‍ക്കാം. തന്നെ കല്ലെറിഞ്ഞ് കൊന്നോളൂ...’മനാഫ് പറഞ്ഞു.
അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി അനുജന്‍ മുബീന്‍റെ പേരിലാണ്. പിതാവ് നടത്തിയിരുന്ന ബിസിനസ് താനും മുബീനും ഒരുമിച്ചാണ് നടത്തുന്നത്. വാഹനങ്ങള്‍ വാങ്ങുന്നത് മുബീന്‍റെ പേരിലാണ്. കുടുംബ ബിസിനസിനെക്കുറിച്ച് മറ്റുള്ളവര്‍ എന്തുപറഞ്ഞാലും പ്രശ്നമില്ല. താനാണ് ഇപ്പോള്‍ കുടുംബനാഥനെന്നും തനിക്ക് അതിന്‍റേതായ കടമകളുണ്ടെന്നും മനാഫ് പറഞ്ഞു. ഇക്കാര്യങ്ങള്‍ സമീപമിരുന്ന മുബീനും ആവര്‍ത്തിച്ചു.
അതേ സമയം സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കി അര്‍ജുന്റെ കുടുംബം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കുടുംബം പരാതിയില്‍ വ്യക്തമാക്കി. അര്‍ജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭര്‍ത്താവ് ജിതിന്‍ എന്നിവര്‍ കമ്മീഷണര്‍ ഒഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്.
നേരത്തെ ലോറിയുടമ മനാഫ് തങ്ങളുടെ കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്ന് അര്‍ജുന്റെ കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.