ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ അത്താഴ വിരുന്നിനുളള ക്ഷണക്കത്തിനെ ചൊല്ലി വിവാദം. ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സെപ്തംബർ 9നാണ് അത്താഴ വിരുന്ന്. സംഭവത്തില്‍ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.റിപ്പോർട്ടുകൾ ശരിയെങ്കിൽ ഇത് ഇന്ത്യക്ക് നേരേയുള്ള ആക്രമണമാണെന്നാണ് ജയറാം രമേശ് പ്രതികരിച്ചത്.
ഭരണഘടനയില്‍ നിന്ന് 'ഇന്ത്യ' എന്ന വാക്ക് ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് ക്ഷണക്കത്തിനെ ചൊല്ലിയുളള വിവാദം.
സെപ്റ്റംബർ 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ 'ഇന്ത്യ' എന്ന വാക്ക് മാറ്റുന്ന ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്ന് ഉപയോഗിക്കും. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് 'ഇന്ത്യ' എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും 'ഇന്ത്യ' എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.