തിരുവനന്തപുരം: ലോക ടൂറിസം ദിനത്തിൽ അഭിമാന നേട്ടവുമായി കേരളം. കേന്ദ്ര ടൂറിസം വകുപ്പിന്‍റെ രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് സ്വന്തമാക്കി കാന്തല്ലൂർ പഞ്ചായത്ത്. കേരളത്തിൻ്റെ കാശ്മീർ എന്ന് വിശേഷിപ്പിക്കുന്ന ആപ്പിൾ താഴ്വാരമായ കാന്തല്ലൂർ ഇടുക്കി ജില്ലയിലാണ്. ദേവികുളം താലൂക്കിലെ ഗ്രാമ പ്രദേശമാണ് കാന്തല്ലൂർ. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ടൂറിസം വളർച്ചയ്ക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്‍റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂർ. പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീമതി. വിദ്യാവതി ഐ എ എസിൽ നിന്നും കേരള
ടൂറിസം ഡയറക്ടർ പി ബി നൂഹ് ഐഎഎസ്, സംസ്ഥാന റൂറൽ ടൂറിസം നോഡൽ ഓഫീസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്ററുമായ കെ രൂപേഷ് കുമാർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് എന്നിവർ ചേർന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീമതി. വിദ്യാവതി ഐ എ എസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
കഴിഞ്ഞ 8 മാസമായി നടന്ന വിവിധ തലങ്ങളിലെ പരിശോധനകൾക്ക് ഒടുവിലാണ് പുരസ്കാരം ലഭിച്ചത്. രാജ്യത്തെ 767 വില്ലേജുകൾ മത്സരിച്ചതിൽ നിന്നും 5 ഗ്രാമങ്ങൾക്ക് ഗോൾഡും 10 ഗ്രാമങ്ങൾക്ക് സിൽവറും 20 ഗ്രാമങ്ങൾക്ക് ബ്രോൺസും ലഭിച്ചു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ പെപ്പർ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. അത് വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം കാന്തല്ലൂരിനെ സ്ട്രീറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി സ്പെഷൽ ടൂറിസം ഗ്രാമസഭകൾ, ടൂറിസം റിസോർസ് മാപ്പിംഗ്, ടൂറിസം ഡയറക്ടറി തയ്യാറാക്കൽ, വിവിധ പ രിശീലനങ്ങൾ, ചെറുകിട ഇടത്തരം സംരഭങ്ങൾ രൂപീകരണം രജിസ്ട്രേഷൻ എന്നിവ വിജയകരമായി നടപ്പാക്കി. കൃത്യമായ ആസൂത്രണത്തോടെ ഗ്രാമ പഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന് പദ്ധതി പ്രവർത്തനം നടത്തി.
കേരളം-തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാമമാണ് കാന്തല്ലൂര്‍. ഹൃദയം നിറയ്ക്കുന്ന പ്രകൃതിഭംഗിയാലും പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാന്തല്ലൂരിൽ വിളവെടുക്കുന്ന ആപ്പിളുകൾ വളരെ പ്രശസ്തമാണ്. ആപ്പിളുകൾ നേരിട്ട് പറക്കുന്നതിനും തോട്ടത്തിലൂടെ നടക്കുന്നതിനുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്.
കീഴാന്തൂർ, മറയൂർ, കൊട്ടാക്കമ്പൂർ, വട്ടവട, എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ. ശൈത്യകാല പച്ചക്കറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നുണ്ട്. ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടുത്തെ ആപ്പിള്‍ത്തോട്ടങ്ങളില്‍ കായ്കള്‍ വിളഞ്ഞു പാകമാകുന്നത്.