തിരുവനന്തപുരം: അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പു കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കേസിൽ മൂന്നാം പ്രതിയാണ് ശിവകുമാർ.കരമന പൊലീസാണ് കേസെടുത്തത്. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വെള്ളായണി, കിള്ളിപ്പാലം, വലിയതുറ എന്നിവിടങ്ങളിലാണ് സൊസൈറ്റിക്ക് ശാഖകളുണ്ടായിരുന്നത്. നിലവിൽ വെള്ളായണി ശാഖ മാത്രമാണ് പ്രവർത്തിക്കുന്നത്. തട്ടിപ്പിനെ തുടർന്ന് ശിവകുമാറിന്റെ വീടിനു മുന്നിൽ നിക്ഷേപകർ നേരത്തെ സമരം നടത്തിയിരുന്നു. സൊസൈറ്റി പ്രസിഡന്റ് എം.രാജേന്ദ്രൻ പണം മുഴുവൻ പിൻവലിച്ചെന്നും വി.എസ്. ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണ് പണം നിക്ഷേപിച്ചതെന്നും നിക്ഷേപകർ ആരോപിക്കുന്നു.
മുന്നൂറിലധികം പേരുടെ 13 കോടിയോളം രൂപയാണ് കിട്ടാനുള്ളതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഒന്നര വർഷമായി പലരും സൊസൈറ്റിയുടെ ഓഫിസ് കയറിയിറങ്ങുകയാണ്. ശാന്തിവിള സ്വദേശി മധുസൂദനന്റെ പത്തു ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയത്. സൊസൈറ്റി സെക്രട്ടറിയാണ് രണ്ടാം പ്രതി.
അതേ സമയം കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് വി എസ് ശിവകുമാർ പ്രതികരിച്ചത്