ഒക്ടോബര്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തില്‍ കേരളത്തിന് മികച്ച നേട്ടം. 20 ശതമാനം വളര്‍ച്ചയോടെ കേരളം ഇത്തവണ രണ്ടാം സ്ഥാനത്ത് ആണ് എത്തിയത്. ഒന്നാം സ്ഥാനത്തുള്ള ലഡാക്ക് ഉള്‍പ്പടെ വെറും നാല് സംസ്ഥാനങ്ങള്‍ മാത്രമാണ് 15 ശതമാനം വളര്‍ച്ച മറികടന്നത്.
രാജ്യാന്തരതലത്തില്‍ ഒക്ടോബര്‍ മാസത്തില്‍ മാത്രം, 1.87 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി പിരിച്ചത്. 2023 ഒക്ടോബറിലെ 1.72 ലക്ഷം കോടി രൂപയേക്കാള്‍ 8.9 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ മികച്ച നേട്ടവുമായി കേരളം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. 20 ശതമാനമാണ് കേരളത്തിന്റെ വളര്‍ച്ച.
30% വര്‍ധന രേഖപ്പെടുത്തിയ ലഡാക്ക് ആണ് ഒന്നാമത്. എന്നാല്‍, വലിയ സംസ്ഥാനങ്ങളെ മാത്രം പരിഗണിച്ചാല്‍ കേരളമാണ് വളര്‍ച്ചാനിരക്കില്‍ മുന്നില്‍. 2023 ഒക്ടോബറിലെ 2,418 കോടി രൂപയില്‍ നിന്നാണ് 20% വര്‍ധിച്ച് കഴിഞ്ഞമാസം കേരളത്തിലെ ചരക്ക്-സേവന നികുതി പിരിവ് 2,896 കോടി രൂപയിലെത്തിയത്.
17% വളര്‍ച്ച രേഖപ്പെടുത്തിയ ഗുജറാത്താണ് കേരളത്തിന് പിന്നിലുള്ളത്. പശ്ചിമ ബംഗാളും ഹരിയാനയും അടക്കം ആകെ നാല് സംസ്ഥാനങ്ങള്‍ മാത്രമാണ് 15% മറികടന്നത്. ദക്ഷിണേന്ത്യയില്‍ കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ് മാത്രമാണ് 12% വളര്‍ച്ച നിരക്കോടെ 10 ശതമാനം പിന്നിട്ടത്.