രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാശ്മീരിലെത്തി. അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. 1500 കോടിയുടെ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും.
മൂന്നാം തവണ അധികാരത്തിലേറ്റ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ സന്ദര്‍ശനത്തില്‍ ജമ്മു കശ്മീരിനായി വിവിധ പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ശ്രീനഗറിലെ ഷേര്‍ ഇ കശ്മീരില്‍ യുവജനങ്ങളെ ശാക്തീകരിക്കുക, ജമ്മുകശ്മീരിനെ രൂപാന്തരപ്പെടുത്തുക എന്ന വിഷയത്തില്‍ യുവാക്കള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ മോദി പങ്കെടുക്കും.
വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും മോദി നിര്‍വഹിക്കും. 1500 കോടിയുടെ 84 പ്രധാന വികസന പദ്ധതികളാണ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ശ്രീനഗറില്‍ യോഗയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കും.
റോഡ് വികസന പദ്ധതികള്‍, ജലവിതരണ പദ്ധതികള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, വ്യാവസായിക എസ്റ്റേറ്റുകളുടെ വികസനം തുടങ്ങിയ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. കൂടാതെ ആറ് സര്‍ക്കാര്‍ കോളേജുകള്‍ക്കും തറക്കല്ലിടും.
കാര്‍ഷിക രംഗം മെച്ചപ്പെടുത്താനായുള്ള പദ്ധതി 20 ജില്ലകളിലായി നടപ്പാക്കും. മൂന്ന് ലക്ഷം വീടുകളിലെ 15 ലക്ഷം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിയമിതരായ രണ്ടായിരത്തിലധികം പേര്‍ക്കുള്ള നിയമന കത്തുകളും പ്രധാനമന്ത്രി വിതരണം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ശന സുരക്ഷയാണ് ജമ്മു കശ്മീരില്‍ ഒരുക്കിയിട്ടുള്ളത്.