ഓൺലൈൻ ചാനലായ മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലാണ് അറസ്റ്റ്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നേരത്തേ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസെടുത്തത്. ഈ കേസിൽ ഷാജന് ഹൈകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.