അസമിലെ പ്രളയത്തില്‍ മരണസംഖ്യ മൂന്നായി ഉയര്‍ന്നു. 15 ജില്ലകളില്‍ നിന്നായി 4 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളിലും മഴയും വെള്ളപ്പൊക്കവും രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.
വെള്ള പൊക്കത്തെ തുടര്‍ന്ന് ശനിയാഴ്ച നല്‍ബാരി ജില്ലയിലെ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. അസമിലെ ഒട്ടുമിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണെന്നാണ് റിപ്പോര്‍ട്ട്. ബ്രഹ്‌മപുത്ര നദിയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണ്. വള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്ന് 1,67,538 സ്ത്രീകളും 53,119 കുട്ടികളും ഉള്‍പ്പെടെ 4,07,771 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ബജാലി, ബക്സ, ബാര്‍പേട്ട, ചിരാംഗ്, ദരാംഗ്, ധുബ്രി, ദിബ്രുഗഡ്, ഗോള്‍പാറ, ഗോലാഘട്ട്, ജോര്‍ഹട്ട്, കാംരൂപ്, ലഖിംപൂര്‍, നാഗോണ്‍, നാല്‍ബാരി, താമുല്‍പൂര്‍ എന്നീ ജില്ലകള്‍ക്കാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം ഉണ്ടാക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ആളുകള്‍ ദുരിതമനുഭവിക്കുന്നത് നല്‍ബാരി ജില്ലയിലാണ്. 40,068 പേരെയാണ് ഇവിടെ നിന്ന് മാറ്റിയത്. ബജാലി ജില്ലയില്‍ 2,21,58 പേരും ലഖിംപൂര് 22,060 പേരുമാണ് പ്രളയത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
അതേസമയം, 220 ദുരിതാശ്വാസ ക്യാമ്പുകള്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ദുരിത ബാധിതര്‍ക്കുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി ബജാലിയില്‍ 57 ഉം നല്‍ബാരിയില്‍ 34 ഉം കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
അസമിലുടനീളം 1,118 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. 8469 ഹെക്ടര്‍ കൃഷി ഭൂമി നശിക്കുകയും 964 മൃഗങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയതായും ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. പ്രളയക്കെടുതിയെ തുടര്‍ന്ന് വിവിധ ജില്ലകളിലായി 157 റോഡുകളും ധുബ്രിയിലെ ഒരു പാലവും തകര്‍ന്നിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് കരിംഗഞ്ച് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.