തന്റെ കോളജ് കാലവും കലാപരമായ അനുഭവങ്ങളും പറഞ്ഞ് സിനിമാ പാട്ടുകളും പാടി ഭീമൻ രഘു കോളേജ് വിദ്യാർത്ഥികളെ കയ്യിലെടുത്ത് നടൻ ഭീമൻ രഘു. താരത്തിന് വമ്പൻ കയ്യടിയാണ് കോളജ് വിദ്യാർഥികൾ നൽകിയത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ മണാലയ കോളജിന്റെ കോളജ് ഡേയ്ക്ക് അതിഥിയായി എത്തിയതായിരുന്നു ഭീമൻ രഘു. കേരള രാഷ്ട്രീയത്തിലും വിപ്ലവത്തിന്റെ നേരിന്റെ പക്ഷത്തേക്കു ചുവടുവയ്ക്കുന്ന പ്രിയപ്പെട്ട ഭീമൻ രഘു ചേട്ടൻ എന്ന ആമുഖത്തോടെയാണ് ഉദ്ഘാടന പ്രസംഗത്തിനായി വിദ്യാർഥികൾ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചത്.
‘‘ഈ അന്തരീക്ഷം കാണുമ്പോൾ ഞാനെന്റെ കോളജ് കാലഘട്ടം ഓർത്തുപോകുന്നു. അന്ന് രാഷ്ട്രീയം അത്ര വലിയ മൂർച്ഛിച്ചു നിൽക്കുന്ന സമയമല്ല. പക്ഷേ ഇന്ന് ഇവിടെയുള്ള ചെറുപ്പക്കാരന്റെ പ്രസംഗം കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു. ഭാവിയിൽ രാഷ്ട്രീയത്തിന്റെ ഉന്നതപദവിയിൽ എത്താനുള്ള എല്ലാ കഴിവും ആ കുട്ടിക്കുണ്ട്. പറയാനുള്ളത് പറയേണ്ട സ്ഥലത്തുതന്നെ മർമത്തിൽ കൊടുക്കുന്ന രീതിയിലുളള പ്രസംഗം. ആ ചുവന്ന മണ്ണിന്റെ ആരവം ആ പ്രസംഗത്തിലുണ്ട്.’’–ഭീമൻ രഘു പറഞ്ഞു.
എസ്എഫ്ഐ വിദ്യാർഥികളെ പുകഴ്ത്തി സംസാരിക്കുന്ന അദ്ദേഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.