അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം.രാഖിയുടെ സുഹൃത്ത് അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർക്കാണ് ജീവപര്യന്തം.നാലര ലക്ഷം രൂപ പിഴയും അടയ്ക്കണം.അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖിൽ, ജ്യേഷ്ഠ സഹോദരൻ രാഹുൽ, ഇവരുടെ സുഹൃത്ത് ആദർശ് എന്നിവരാണ് കേസിലെ പ്രതികൾ. മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. 2019 ജൂൺ 21നാണ് രാഖി കൊല്ലപ്പെടുന്നത്.
സൈന്യത്തിൽ ഡ്രൈവറായിരുന്ന അഖിൽ കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ രാഖിയെ മിസ്‌ഡ്‌കോൾ വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് പ്രണയത്തിലാവുകയും വിവാഹവാഗ്‌ദാനം നൽകുകയും ചെയ്‌തിരുന്നു. അതിനിടെ അന്തിയൂർക്കോണം സ്വദേശിനിയുമായി വിവാഹം നിശ്ചയിച്ച അഖിൽ ഇതിന്റെ ചിത്രങ്ങൾ ഫെയ്‌സ്‌ബുക്കിലിട്ടു. ഇതറിഞ്ഞ രാഖി വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതക കാരണം. പ്രോസിക്യൂഷൻ 94 സാക്ഷികളെ വിസ്തരിച്ചു. 92 തൊണ്ടിമുതലും 178 രേഖകളും ഹാജരാക്കി.
രാഖിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.2019 ജൂലൈ 24-ന് മൂന്നാം പ്രതി ആദർശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 25-ന് രാഹുലിനെയും 29-ന് അഖിലിനെയും പൊലീസ് പിടികൂടി.