Share this Article
മത്സരം എട്ട് മണിക്കൂര്‍ മൊബൈല്‍ ഫോൺ ഉപയോഗിക്കാതിരിക്കുക, സമ്മാനമായി ലഭിച്ചത് ഒരു ലക്ഷത്തിലധികം രൂപ; പുസ്തകം വായിച്ച് വിജയിയായത് ഒരു യുവതി
വെബ് ടീം
posted on 07-12-2024
1 min read
women won

ചോങ്‌കിംഗ്: കൂട്ടുകാരോ പ്രണയമോ ഇല്ലെങ്കിലും സഹിക്കാം പക്ഷെ മൊബൈൽ ഫോൺ ഇല്ലെങ്കിലോ ചിലർക്ക് ഒരു നിമിഷം പോലും മുന്നോട്ട് പോകാൻ കഴിയില്ല. മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിന് എത്ര എത്ര കൗമാരക്കാരാണ് വീടുവിട്ടു പോകുന്നതും ജീവൻ ഒടുക്കുന്നതും. ഇതിനിടയിലാണ് മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരുന്നു വൻ തുക സമ്മാനം നേടുക എന്ന മത്സരം. അപൂർവ സമ്മാനം പോലെ നൂറോളം പേർ മാത്രമേ മത്സരത്തിന് പങ്കെടുക്കാൻ തയ്യാറായതും.

ഏട്ടുമണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരുന്നതിന് സമ്മാനമായി ലഭിച്ചത് ഒരു ലക്ഷത്തിലധികം രൂപ.തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള  ഒരു യുവതിക്ക് ആണ്  10,000 യുവാൻ (1,400 യുഎസ് ഡോളര്‍)സമ്മാനമായി കിട്ടിയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട്   പ്രകാരം നവംബർ 29 ന് ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിംഗ് സെന്‍ററിലാണ് ഈ മത്സരം നടന്നത്.

100 അപേക്ഷകരിൽ നിന്ന് 10 മത്സരാർത്ഥികളെയാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. മത്സരത്തിന്‍റെ സംഘാടകർ നൽകുന്ന കിടക്കയിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെ എട്ട് മണിക്കൂർ ചെലവഴിക്കുകയാണ് മത്സരാർത്ഥികൾ ചെയ്യേണ്ടത്.  മത്സരത്തിന് മുമ്പ്, മത്സരാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ സംഘാടകർക്ക് നൽകണം. കൂടാതെ  ഐപാഡുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാനും അനുവാദമില്ല. അടിയന്തിര സാഹചര്യങ്ങളിൽ, പങ്കെടുക്കുന്നവർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ സംഘാടകർ നൽകുന്ന കോളിംഗ് ശേഷി മാത്രമുള്ള പഴയ മൊബൈൽ ഫോൺ ഉപയോഗിക്കാം.

കിടക്കയിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങാൻ അനുവാദമില്ല. ടോയ്‌ലറ്റിൽ പോകാനുള്ള അഞ്ച് മിനിറ്റ് ബ്രേക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഭക്ഷണപാനീയങ്ങൾ കിടക്കയിൽ ഇരുന്നു തന്നെ കഴിക്കണം. മത്സരാർത്ഥികൾ ഗാഢനിദ്രയ്ക്ക് വിധേയരാകരുത്. കണ്ണടച്ച് കിടന്നുള്ള ചെറിയ മയക്കങ്ങളാവാം. എട്ടുമണിക്കൂർ സമയത്തെ മത്സരാർത്ഥികളുടെ ഉറക്കത്തിന്‍റെ അളവും ഉൽക്കണ്ഠയും റിസ്റ്റ് സ്ട്രാപ്പുകൾ ഉപയോഗിച്ച് പരിശോധിച്ചാണ് വിജയിയെ കണ്ടെത്തുക. 

ചെറുതായി മയങ്ങിയും പുസ്തകങ്ങൾ വായിച്ചുമാണ് മത്സരാർത്ഥികൾ സമയം ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആവേശകരമായ മത്സരത്തിനൊടുവിൽ ഡോങ് എന്ന യുവതിയെ വിജയിയായി തെരഞ്ഞെടുത്തു. 100 -ൽ 88.99 പോയിന്‍റ് നേടിയാണ് ഇവർ ചാമ്പ്യനായത്. ഏറ്റവും കൂടുതൽ സമയം കിടക്കയിൽ ചെലവഴിക്കുകയും എന്നാൽ, ഗാഢനിദ്രയിലേക്ക് വഴുതി വീഴാതിരിക്കുകയും ഉൽക്കണ്ഠ ഏറ്റവും കുറവ് പ്രകടിപ്പിക്കുകയും ചെയ്ത മത്സരാർത്ഥിയായിരുന്നു ഡോങ് എന്നാണ്  സംഘാടകർ വിധിനിർണയിച്ചുകൊണ്ട് പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories