റിയാദിലെ ജയിലില്‍ 18 വര്‍ഷമായി കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന നടപടികള്‍ അന്തിമഘട്ടത്തില്‍. ഇന്ത്യന്‍ എംബസി യാത്രാ രേഖകള്‍ തയ്യാറാക്കി തുടങ്ങി. ഇതോടെ അബ്ദുറഹിമിന് വൈകാതെ നാട്ടിലെത്താൻ ഉള്ള സാഹചര്യമൊരുങ്ങുകയാണ്.
മലയാളി സമൂഹം ഒറ്റക്കെട്ടായി സമാഹരിച്ച 34 കോടി രൂപ മോചനദ്രവ്യമായി നൽകിയതോടെ കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുറഹീമിന് മാപ്പു നൽകിയിരുന്നു. പിന്നാലെ ജൂലൈ 2ന് റിയാദ് കോടതി റഹീമിനെ വധശിക്ഷയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
അതിന് പിന്നാലെയാണ് ഇപ്പോൾ ജയിൽ മോചനത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായി റിയാദിലെ ജയിലിൽ എത്തി അബ്ദുറഹീമിന്റെ പുതിയ ഫോട്ടോ എടുക്കുകയും ചെയ്തു. റഹീമിന്റെ യാത്ര രേഖകൾ തയ്യാറാക്കുന്ന പ്രവർത്തി ഇന്ത്യൻ എംബസി അധികൃതരും തുടങ്ങി.
ഇനിയുള്ള കടമ്പ റഹീം ജയിൽ മോചിതനായത് സംബന്ധിച്ച കോടതി ഉത്തരവ് പുറത്തുവരിക എന്നുള്ളതാണ്. കോടതി ഉത്തരവ് വന്നാൽ ആ വിവരം ഗവർണറേറ്റിനെയും സൗദി ആഭ്യന്തരമന്ത്രാലത്തേയും അറിയിക്കും.
പിന്നാലെ ഡി പോർട്ടേഷൻ സെൻ്റർ വഴി അബ്ദുറഹീമിനെ ഇന്ത്യയിൽ എത്തിക്കും. റഹീം നിയമസഹായ സമിതി റിയാദിൽ തന്നെ ക്യാമ്പ് ചെയ്താണ് മോചനത്തിനായുള്ള അന്തിമഘട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നത്.