ന്യൂഡൽഹി: പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എയുടെ (നാഷണൽ ടെസ്റ്റിങ് ഏജൻസി) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാർ സിങ്ങിനെ മാറ്റി. പകരം പ്രദീപ് സിങ് കരോളയ്ക്ക് താൽക്കാലിക ചുമതല നൽകി. നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ വൻ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് എൻ.ടി.എ ഡയറക്ടർ ജനറലിനെ കേന്ദ്രം മാറ്റിയിരിക്കുന്നത്.
മുതിർന്ന ഐ.എ.എസ് ഓഫിസറായ സുബോധ് കുമാർ സിങ് 2023 ജൂണിലാണ് എൻ.ടി.എ ഡയറക്ടർ ജനറലായി നിയമിതനായത്. ഛത്തീസ്ഗഢ് കേഡറിൽ നിന്നുള്ള 1997 ബാച്ച് ഐ.എ.എസ് ഓഫിസറാണ്. ഭക്ഷ്യ, പൊതുവിതരണ വകുപ്പിൽ അഡിഷണൽ സെക്രട്ടറിയായിരിക്കെയാണ് എൻ.ടി.എ ഡയറക്ടർ ജനറലായി നിയമിതനായത്.