കൊച്ചി: മന്ത്രി എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ എൻ.സി.പിയിൽ നീക്കം. എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകണമെന്ന് ജില്ലാപ്രസിഡന്റുമാര്‍ ആവശ്യം ഉന്നയിച്ചതായാണ് വിവരം. വർഷങ്ങളായി ഒരാൾ തന്നെ പദവിയിൽ തുടരേണ്ടതില്ല എന്നാണ് പാർട്ടി തീരുമാനം. കേന്ദ്രനേതൃത്വത്തിൻറെ നിലപാട് വ്യക്തമായാൽ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കും. ഇതിനു മുഖ്യമന്ത്രി സമ്മതിച്ചതായാണു സൂചനകൾ.
പി.സി. ചാക്കോ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ അനുകൂലിച്ചതായി എൻ.സി.പി. വൃത്തങ്ങൾ അറിയിച്ചു. ഇതു സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നിരുന്നു. ദേശീയ നേതൃത്വത്തെ വിവരമറിയിച്ചതായും അന്തിമ തീരുമാനത്തിന് കാക്കുകയാണെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
അതേ സമയം മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് തോമസ് കെ തോമസ് വ്യക്തമാക്കി. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം പങ്കുവെയ്ക്കുമെന്നാണ് ഉറപ്പ് ലഭിച്ചതെന്നും അദ്ദേഹം അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കി.
അതേ സമയം മന്ത്രി സ്ഥാനം ഒഴിയില്ലെന്ന് എ.കെ ശശീന്ദ്രന്‍ അറിയിക്കുന്നു.മന്ത്രി സ്ഥാനത്തില്‍ഊഴം വ്യവസ്ഥയില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അതേ സമയം പി സി ചാക്കോ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു. ശശീന്ദ്രനെ മാറ്റണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തിട്ടില്ലെന്ന് പി സി ചാക്കോ കേരളവിഷനോട് പറഞ്ഞു.