കൊച്ചി: നാല് ദിവസമായി റോബിന്‍ ബസിന് ഇന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത് 37,500 രൂപ. പിഴയിട്ടെങ്കിലും വരും ദിവസങ്ങളിലും കോയമ്പത്തൂര്‍ സര്‍വീസ് നടത്തുമെന്ന് ബസുടമ ഗീരീഷ് പറഞ്ഞു. കോടതി പറയും വരെ സര്‍വീസ് തുടരനാണ് തീരുമാനം.
അഖിലേന്ത്യ പെര്‍മിറ്റുമായി സര്‍വീസ് തുടങ്ങിയ റോബിന്‍ ബസിനെ തുടര്‍ച്ചയായി തടഞ്ഞ് പിഴയിടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇന്ന് നാലുതവണയാണ് പരിശോധന നടത്തിയത്. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്ററിനകമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യത്തെ തടയല്‍. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ട് എംവിഡി ഉദ്യോഗസ്ഥര്‍ മടങ്ങി. പാലാ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു രണ്ടാമത്തെ തടയല്‍. അങ്കമാലിയില്‍ വച്ച് മൂന്നാമത്തും ബസ് തടഞ്ഞപ്പോഴേക്കും ജനം എംവിഡിക്ക് നേരെ തിരിഞ്ഞു. കൂക്കിവിളികളും പ്രതിഷേധങ്ങളുമുയര്‍ന്നു. പതിനൊന്നരയോടെ ചാലക്കുടി പിന്നിട്ട ബസ്, പുതുക്കാട് എത്തിയപ്പോള്‍ വീണ്ടും എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴയീടാക്കി എംവിഡി വിട്ടയച്ച ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തി.
ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ ഇന്ത്യയില്‍ എവിടെയും സാധാരണ ബസിനെ പോലെ ആളെ കയറ്റി ഓടാമെന്ന അവകാശവാദവുമായാണ് റോബിന്‍ ബസ് ഉടമ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഇയാളുടെ വാദം തള്ളി ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തി. റോബിന്‍ ബസ് ഉടമ നടത്തുന്നത് നിയമലംഘനമെന്നും നിയമം ആര് ലംഘിച്ചാലും നടപടിയെടുക്കുമെന്ന് മന്ത്രി കാസര്‍കോട്ട് പറഞ്ഞു.
കോണ്‍ട്രാക്റ്റ് കാരിയേജ് ബസിന്റെ അവകാശങ്ങള്‍ കോണ്‍ട്രാക്റ്റ് കാരിയേജ് ബസ് നും സ്റ്റേറ്റ് ക്യാരേജ് ബസിന്റെ അവകാശങ്ങള്‍ സ്റ്റേജ് കാരിയേജിനുമുണ്ട്. ബോര്‍ഡും വച്ച് ഓരോ സ്റ്റോപ്പിലും നിര്‍ത്തി ആളെയും കയറ്റി ഇറക്കിക്കൊണ്ടുപോകാനുള്ള അവകാശമൊന്നും കോണ്‍ട്രാക്ട് കാരിയേജ് ബസിനില്ല. അവര്‍ക്കുളള അവകാശം ഒരു മേഖയില്‍ നിന്ന് എടുത്ത് ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ളതു മാത്രമാണെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ സീറ്റുകള്‍ ബുക്ക് ചെയ്ത് ഗ്രൂപ്പായിട്ടോ ബള്‍ക്കായിട്ടോ പോകാനേ അവകാശം ഉള്ളു. അല്ലാതെ ഓരോ സ്റ്റേപ്പിലും നിര്‍ത്തി ആളുകളെ കയറ്റി ഇറക്കിയാല്‍ പിന്നെ ഇതും രണ്ടും സംബന്ധിച്ച് എന്ത് വ്യത്യാസമാണ് ഉള്ളത്. സര്‍ക്കാരിനെ വെല്ലിവിളിച്ച് അതിനെയൊക്കെ നേരിടുമെന്ന് ഒരാള്‍ പറഞ്ഞാല്‍ അതൊന്നും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിന്‍ ബസിന് നാട്ടുകാര്‍ വഴി നീളെ സ്വീകരണം നല്‍കി. 23 കേന്ദ്രങ്ങളില്‍ സ്വീകരണം ലഭിച്ചതായി ബസ് ഉടമ പറഞ്ഞു. സ്റ്റേജ് കാരിയേജ് നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വണ്ടി തടഞ്ഞ് പിഴയിട്ടിരുന്നു.