Share this Article
ഛിന്നഗ്രഹത്തിന് മലയാളിയുടെ പേര്; 'ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രൊഫഷണൽ ഉൽക്കാശാസ്ത്രജ്ഞൻ
വെബ് ടീം
posted on 24-06-2023
1 min read
Minor Planet named after AswinShekhar

ഛിന്നഗ്രഹങ്ങളിൽ ഒന്നിന് മലയാളിയായ ജ്യോതിശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖറിന്റെ പേരു നൽകി അന്താരാഷ്ട്ര അസ്‌ട്രോണമിക്കൽ യൂണിയൻ (ഐഎയു). യുഎസിൽ അരിസോണയിലെ ഫ്ലാഗ്സ്റ്റാഫിൽ പ്രവർത്തിക്കുന്ന ലോവൽ ഒബ്‌സർവേറ്ററി ആദ്യം നിരീക്ഷിച്ച '2000എൽജെ27' എന്ന ഛിന്നഗ്രഹത്തിനാണ് അശ്വിന്റെ പേരിട്ടത്. സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളിൽ ഒന്നിനാണു പേര് നൽകിയത്.

ജൂൺ 21-ന് യുഎസിലെ അരിസോണയിൽ നടന്ന ആസ്റ്ററോയിഡ് കോമറ്റ്സ് മെറ്റേഴ്സ് കോൺഫറൻസിൽ വെച്ചാണ് ഛിന്നഗ്രഹത്തിന്റെ നാമകരണ പ്രഖ്യാപനം ഐഎയു നടത്തിയത്.  'ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രൊഫഷണൽ ഉൽക്കാശാസ്ത്രജ്ഞൻ' എന്നാണ് അസ്‌ട്രോണമിക്കൽ യൂണിയൻ അശ്വിനെ പരിചയപ്പെടുത്തിയത്. 

ഇന്ത്യയിൽ നിന്ന് ശ്രീനിവാസ രാമാനുജൻ, സിവി രാമൻ, സുബ്രഹ്‌മണ്യ ചന്ദ്രശേഖർ, വിക്രം സാരാഭായി എന്നീ ശാസ്ത്രജ്ഞരുടെ പേരിലും ഛിന്നഗ്രഹങ്ങൾ നാമകരണം ചെയ്തിട്ടുണ്ട്. 2014 ൽ ബ്രിട്ടനിലെ ബെൽഫാസ്റ്റിൽ ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി എടുത്ത പാലക്കാട് ചേർപ്പുളശ്ശേരി സ്വദേശിയായ അശ്വിൻ, നോർവെയിൽ ഓസ്ലോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 'സെലസ്റ്റിയൽ മെക്കാനിക്‌സി'ൽ പോസ്റ്റ് ഡോക്ടറൽ പഠനം 2018 ൽ പൂർത്തിയാക്കി.

നിലവിൽ ലണ്ടൻ റോയൽ അസ്‌ട്രോണമിക്കൽ സൊസൈറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ഫെലോയാണ്. കൂടാതെ, ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയനിൽ (ഐഎയു) പൂർണവോട്ടവകാശമുള്ള അംഗവുമാണ്. അമേരിക്കൻ അസ്‌ട്രോണമിക്കൽ സൊസൈറ്റി, ഇന്ത്യൻ അസ്‌ട്രോണമിക്കൽ സൊസൈറ്റി എന്നിവയിലും അംഗത്വമുണ്ട്. അമേരിക്കൻ അസ്‌ട്രോണമിക്കൽ സൊസൈറ്റിയും അമേരിക്കൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിസിക്‌സും ചേർന്ന് നൽകുന്ന പ്രസിദ്ധമായ 'ദാന്നി ഹൈനമാൻ പ്രൈസ്' നിശ്ചയിക്കുന്ന ആറംഗ ജൂറിയിൽ അംഗമാണ് അശ്വിൻ. 

ബഹറൈനിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ചുമതലക്കാരായ ശേഖർ സേതുമാധവന്റെയും അനിത ശേഖറിന്റെയും മകനാണ് അശ്വിൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories