തദ്ദേശ വാർഡ് വിഭജനത്തിനായി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം വർദ്ധിപ്പിക്കും. വാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വാർഡുകൾ വർധിപ്പിക്കാൻ ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അടുത്തവർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് 1200 വാർഡുകൾ വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം എന്ന കണക്കാണിത്. ഗ്രാമപ്പഞ്ചായത്തുകളിൽ 1000 പേർക്ക് ഒരു വാർഡ് വേണം എന്നിരിക്കെയാണ് ജനസംഖ്യ വർധിച്ച സാഹചര്യത്തിൽ വാർഡ് പുനർനിർണയിക്കുന്നത്.
സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലും മട്ടന്നൂർ ഒഴികെയുള്ള മുനിസിപ്പാലിറ്റികളിലും 6 കോർപറേഷനുകളിലും വാർഡുകൾ വർധിപ്പിക്കും. ചെറിയ പഞ്ചായത്തിൽ നിലവിൽ 13 അംഗങ്ങൾ എന്നുള്ളത് ഇനി 14 ആകും. ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും വാർഡുകൾ ഉയരും.
വാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആകും കമ്മീഷന്റെ അധ്യക്ഷൻ.