കെ സുരേന്ദ്രന്റെ തട്ടകമായ കോഴിക്കോട് ജില്ലയിലെ ബിജെപി പ്രഭാരിയായി മുഖ്യ എതിരാളി ശോഭ സുരേന്ദ്രൻ ചാർജ്ജ് ഏറ്റെടുത്തു. സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചാണ് ശോഭ സുരേന്ദ്രൻ ആദ്യദിനം തുടങ്ങിയത്. നേതൃത്വം തെറ്റ് ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ശോഭ വ്യക്തമാക്കി. താൻ ഏറ്റവുമധികം സൈബർ ആക്രമണത്തിന് ഇരയാകുന്നത് തൻറെ പോരാട്ടം പ്രമാണിമാർക്കെതിരെ ആയതുകൊണ്ടാണെന്ന് ശോഭ മാധ്യമങ്ങളോട് വ്യക്തമാക്കി.
ബിജെപിയിൽ സംസ്ഥാന നേതൃത്വത്തിനകത്തെ ഏറ്റുമുട്ടലിന് പരിഹാരമുണ്ടാക്കാനായാണ് കേന്ദ്രനേതൃത്വം കെ സുരേന്ദ്രന്റെ സ്വന്തം ജില്ലയായ കോഴിക്കോടിന്റെ പ്രഭാരി ചുമതല സംസ്ഥാന അധ്യക്ഷന്റെ മുഖ്യ എതിരാളിയും ഉപാധ്യക്ഷയുമായ ശോഭാ സുരേന്ദ്രന് നൽകിയത്. എന്നാൽ, നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരായ പോരാട്ടത്തിൽ നിന്നും അല്പംപോലും പിറകോട്ടില്ലെന്ന സൂചനയാണ് പ്രഭാരിയായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ശോഭ സുരേന്ദ്രൻ നൽകിയത്.
അഴിമതിക്കെതിരായ പോരാട്ടം നടത്തുമ്പോൾ തന്നെ കിടത്തിയുറക്കാൻ കഴിവുള്ള ശക്തികൾ എതിരായി പിറകിലുണ്ടെന്ന് ഉറപ്പുണ്ടെന്ന് വ്യക്തമാക്കിയ ശോഭാ സുരേന്ദ്രൻ തനിക്കുവേണ്ടി വ്യക്തിപരമായി എവിടെയും സംസാരിച്ചിട്ടില്ലെന്നും പ്രസ്ഥാനത്തെ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാനാണ് അവയെന്നും പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിനിരയായ പൊതുപ്രവർത്തക താനാണ്. 49 വയസ്സ് മാത്രമുള്ള തന്നെ തള്ളയെന്നും അമ്മൂമ്മ എന്നും വിളിച്ച് അധിക്ഷേപിക്കുകയാണ്. പ്രത്യേക ലക്ഷ്യത്തോടെ ആക്രമണം നടത്തുന്നവർ അത് വർധിപ്പിച്ചിട്ടുണ്ട്. നിൽക്കാൻ ഒരിടവും പിന്തുണയ്ക്കാൻ ആളുകളും ഉണ്ടെങ്കിൽ ആര് ചവിട്ടിത്താഴ്ത്തിയാലും വീണുപോകില്ലെന്നും ശോഭാസുരേന്ദ്രൻ വ്യക്തമാക്കി.
നേരത്തെ എട്ട് സംസ്ഥാനങ്ങളുടെ പ്രഭാരിയായി പ്രവർത്തിച്ചു പരിചയമുള്ള ശോഭാ സുരേന്ദ്രനെ വി.മുരളീധരൻ - കെ.സുരേന്ദ്രൻ പക്ഷം ഇടപെട്ട് കോഴിക്കോട് ജില്ലയിലെ പ്രഭാരിയാക്കിയത് അവരെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ബൂത്ത് തലത്തിൽ ആയാൽ പോലും സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നാണ് അതേക്കുറിച്ചുള്ള ശോഭയുടെ മറുപടി. കെ സുരേന്ദ്രനെ എതിർക്കുന്ന ബിജെപിയിലെ മുതിർന്ന നേതാക്കളുടെ അനുഗ്രഹാശ്ശിസുകളും ശോഭാ സുരേന്ദ്രനുണ്ട്. ശോഭ മികവുറ്റ നേതാവാണെന്ന സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ വാക്കുകൾ നൽകുന്ന സൂചനയും അതാണ്.
പാർട്ടിയിൽ തന്നെ ഒതുക്കാൻ ശ്രമിക്കുന്നവർക്കെതിരെ വർദ്ധിത വീര്യത്തോടെ പോരാടാൻ തന്നെയാണ് ശോഭയുടെയും കൂട്ടരുടെയും തീരുമാനം. അത് കെ സുരേന്ദ്രന് കൂടുതൽ തലവേദന സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.