ഫ്രാൻസിൽ കലാപം തുടരുകയാണ്. നാലാം ദിവസവും തുടരുന്ന കലാപത്തിൽ 1300-ലധികം പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ 27 ന് പതിനേഴുകാരനെ പൊലീസുകാരൻ വെടിവച്ച് കൊന്നതിനെത്തുടർന്നാണ് ഇവിടെ കലാപം ആരംഭിച്ചത്. പാരീസിൽ ട്രാഫിക് പോലീസിന്റെ പരിശോധനയ്ക്കിടെ നഹേൽ എന്ന പതിനേഴുകാരൻ വെടിയേറ്റ് മരിക്കുകയായിരുന്നു.
തുടർന്നാണ് ഫ്രാൻസിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. പലയിടത്തും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. കഴിഞ്ഞദിവസംമാത്രം 2500ൽ അധികം ഇടത്ത് പ്രക്ഷോഭകർ തീയിട്ടു. അക്രമങ്ങൾ തടയുന്നതിനായി രാജ്യത്തുടനീളം 45,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്ത് വലിയ കലാപം നടക്കുന്നതിനിടയിൽ കഴിഞ്ഞദിവസം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സംഗീത പരിപാടിയിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെ രൂക്ഷ വിമർശങ്ങൾ ഉയർന്നിരുന്നു. അതിനുപിന്നാലെ, നേരത്തെ പ്രഖ്യാപിച്ച ജർമനി സന്ദർശനം മാക്രോൺ റദ്ദാക്കി.
കൊല്ലപ്പെട്ട പതിനേഴുകാരൻ നഹേലിൻ്റെ സംസ്‌കാര ചടങ്ങുകൾ പാരീസിന്റെ പ്രാന്തപ്രദേശമായ നാന്റെയറിൽ നടന്നു. ചടങ്ങിൽ വൻ ജനക്കൂട്ടം പങ്കെടുത്തതായാണ് വിവരം.
യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത നഹേൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുകയായിരുന്നെന്നാണ് കുടുംബ അഭിഭാഷകൻ വ്യക്തമാക്കുന്നത്. സ്‌പോർട്‌സിൽ താൽപ്പര്യമുള്ള നഹേൽ തന്റെ പ്രദേശത്തെ യുവാക്കളെ സ്‌പോർട്‌സിലേക്ക് ആകർഷിപ്പിച്ചിരുന്നു.