കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോടതിയില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. കേസില്‍ നിഷ്പ്രയാസം നിരപരാധിത്വം തെളിയിക്കാനാവുമെന്ന്, ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാവും മുമ്പ് സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
തനിക്കെതിരെ എന്തു മൊഴി ഉണ്ടെങ്കിലും സ്വന്തം മനസ്സിനകത്ത് കുറ്റബോധമില്ലാത്തിടത്തോളം കാലം ഒന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല. എന്തു ചെയ്തു, എന്തു ചെയ്തില്ല എന്ന് തനിക്കു നന്നായി അറിയാം. തന്റെ ഭാഗത്ത് ഒരു പാകപ്പിഴയും വന്നിട്ടില്ല. ഒരാളെയും ദുരുപയോഗം ചെയ്തിട്ടില്ല. ഒരാളില്‍നിന്നും കൈക്കൂലിയും വാങ്ങിയിട്ടില്ല. ജീവിതത്തില്‍ ഇന്നേവരെ കൈക്കൂലി വാങ്ങിയിട്ടില്ല.അതൊരു രാഷ്ട്രീയ ധാര്‍മികതയായി കൊണ്ടുനടക്കുന്നയാളാണ് താന്‍.
പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ആശങ്കയില്ല. അറസ്റ്റ് ചെയ്താല്‍ തന്നെ തനിക്കു ജാമ്യമുണ്ട്. ഇതിലൊന്നും ഭയപ്പെടുന്ന ആളല്ല താന്‍. കടലു താണ്ടി വന്നതാണ്, കൈത്തോടു കാണിച്ച് പേടിപ്പിക്കാനാവില്ലെന്ന് സുധാകരന്‍ കൊച്ചിയിൽ പറഞ്ഞു.