പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ ഹൈദരാബാദ് പൊലീസ് തെളിവുകള്‍ പുറത്ത് വിട്ടു. നടന്‍ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്.
അല്ലു അര്‍ജുന്‍ വരുന്നുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റര്‍ അധികാരികള്‍ പൊലീസിനെ ഡിസംബര്‍ രണ്ടിന് കണ്ടിരുന്നു. തിരക്ക് കൈവിട്ടുപോകുമെന്നതിനാല്‍ പൊലീസ് അനുമതി നിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ അല്ലു അര്‍ജുന്‍ തിയേറ്റര്‍ സന്ദര്‍ശനത്തിന് എത്തുകയായിരുന്നുവെന്ന് എസിപി രമേശ് പറഞ്ഞു.
യുവതി മരിച്ച വിവരം അല്ലു അര്‍ജുനെ അറിയിച്ചപ്പോള്‍ മാനേജര്‍ സന്തോഷ് തന്നെ തടഞ്ഞുവെന്നും, മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടര്‍ന്നുവെന്നും പൊലീസ് പറഞ്ഞു.
സ്ഥിതിഗതികള്‍ കൈവിട്ടുപോകുകയാണെന്ന് നടന് അറിയാമായിരുന്നിട്ടും സിനിമ കാണല്‍ തുടര്‍ന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ മരണം താന്‍ പിറ്റേ ദിവസം മാത്രമാണ് അറിഞ്ഞതെന്നായിരുന്നു അല്ലു അര്‍ജുന്‍ മുന്‍പ് പറഞ്ഞിരുന്നത്.