ആത്മകഥ വിവാദത്തില്‍ ഇ.പി ജയരാജന്റെ വിശദീകരണത്തില്‍ പൂര്‍ണ്ണ തൃപ്തരാകാതെ സിപിഐഎം നേതൃത്വം. സ്വകാര്യ ഫോട്ടോകളുടെ ശേഖരവും, സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ഏറ്റവും ഒടുവില്‍ സംഭവിച്ച കാര്യങ്ങള്‍ വരെ അക്കമിട്ടു പറയുന്ന, ആത്മകഥയുടെ ഭാഗത്തില്‍ നേതൃത്വത്തിന് സംശയം. ഉപതെരഞ്ഞെടുപ്പിന് ശേഷം വിഷയം ചര്‍ച്ച ചെയ്യാനാണ് സിപിഐഎം നീക്കം.
ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡി.സി. ബുക്‌സിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ ആത്മകഥ എന്ന പേരില്‍ പുറത്തുവന്ന പി ഡി എഫ് ഭാഗങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമുള്ള ഇപിയുടെ വിശദീകരണത്തില്‍ സിപിഎം നേതൃത്വം തൃപ്തരായിട്ടില്ല.
ഉപതിരഞ്ഞെടുപ്പ് സമയമായതിനാല്‍ അതൃപ്തി പരസ്യമാക്കുന്നില്ലെന്ന് മാത്രം... ചെറുകുന്ന് ഹൈസ്‌കൂളിലെ പഠനം മുതല്‍ വിദ്യാഭ്യാസ കാലഘട്ടത്തിലെ ഓരോ അനുഭവങ്ങളും പുറത്തുവന്ന ആത്മകഥാ ഭാഗങ്ങളില്‍ ഉണ്ട്..
1965 കാലഘട്ടത്തിലെ കുടുംബത്തിന്റെ പട്ടിണിയെക്കുറിച്ചും പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരികെ വരുന്നതിനിടെ വെടിയേറ്റതിന്റെ ദുംഖിപ്പിക്കുന്ന ഓര്‍മ്മയും ആ സമയത്ത് ചികിത്സിച്ച ഡോക്ടറുടെ പേരും അടക്കമുള്ള സ്വകാര്യ വിവരങ്ങളുമുണ്ട്.
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ അടക്കം പുസ്തകത്തില്‍ ഉള്‍പ്പെട്ടത് ഇ പി അറിയാതെയാണെന്ന വാദം പൂര്‍ണ്ണമായി വിശ്വാസയോഗ്യമല്ല എന്നാണ് നേതാക്കളില്‍ ചിലരുടെ അഭിപ്രായം.
തെരഞ്ഞെടുപ്പിന് ശേഷം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യാനാണ് നേതൃത്വത്തിന്റെ തീരുമാനം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ പി പങ്കെടുക്കും, ഇ പിയുടെ വിശദീകരണം യോഗം തേടും.. ആത്മകഥ എഴുതാന്‍ സഹായിച്ച പാര്‍ട്ടി പത്രത്തിലെ കണ്ണൂര്‍ ബ്യൂറോ ചീഫ് എം രഘുനാഥനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം മാധ്യമ വാര്‍ത്തകളിലും ഇ പിയുടെ വിശദീകരണത്തിലും ഡിസി ബുക്‌സിന്റെ മറുപടി ഇതുവരെയും വന്നിട്ടില്ല..ഡിസിക്ക് ഇ പി നോട്ടീസ് അയച്ചിട്ടുണ്ട്...ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ പി നല്‍കിയ പരാതി ഡിജിപി, എ ഡി ജി പിക്ക് കൈമാറി..