Share this Article
image
രാജ്യത്ത് CAA നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി
വെബ് ടീം
posted on 15-05-2024
1 min read
first-set-of-citizenship-certificates-under-caa-issued-to-14-applicants

ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം(കാ) നടപ്പാക്കിത്തുടങ്ങി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കിയ 14 പേര്‍ക്ക് പൗരത്വം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംമുമ്പ് സി.എ.എ. നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു.


സി.എ.എ. ചോദ്യംചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചെങ്കിലും സ്റ്റേ ചെയ്തിരുന്നില്ല. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരുന്നത്. 2014 ഡിസംബര്‍ 31-ന് മുന്‍പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്.


മാര്‍ച്ച് 11-ന് ആണ് സി.എ.എ. നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തത്. ഇതിന് പിന്നാലെയാണ് പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചത്. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴി ആക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനായി പ്രത്യേക പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories