2024-ലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീംകോടതിയില്‍. പരീക്ഷ റദ്ദാക്കുന്നത് സത്യസന്ധമായി പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന് നടക്കും.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് യുജി പരീക്ഷ എഴുതിയത്. പരീക്ഷ റദ്ദാക്കുന്നത് സത്യസന്ധമായി പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കി. പരീക്ഷ റദ്ദാക്കാന്‍ തരത്തിലുള്ള ക്രമക്കേട് കണ്ടത്തെിയിട്ടില്ല.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ഭാവിയില്‍ പരീക്ഷകള്‍ സുതാര്യമായും നീതിയുക്തമായും നടപ്പാക്കുന്നതിന് പ്രതിജ്ഞാ ബദ്ധരാണെന്നും കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11-ന് നടക്കുമെന്ന് ദേശീയ മെഡിക്കല്‍ പരീക്ഷ ബോര്‍ഡ് അറിയിച്ചു. രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുക. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് പരീക്ഷ മാറ്റിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 23-ന് നടത്താനിരുന്ന നീറ്റ് പി.ജി പരീക്ഷ മാറ്റിവച്ചതായി ജൂണ്‍ 22ന് രാത്രിയായിരുന്നു അറിയിപ്പ് ലഭിച്ചത്.