സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികള്‍. ട്രോളിംഗ് നിരോധനം അശാസ്ത്രീയമാണെന്നും നിരോധന കാലയളവിലെ അവസാനത്തെ രണ്ടാഴ്ച ഇളവ് അനുവദിക്കണമെന്നുമാണ് ബോട്ട് ഉടമകളുടെ ആവശ്യം.
ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യബന്ധന മേഖല കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. 3500ലധികം ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ കെട്ടിയിടുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താം.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെന്ന പേരില്‍ യന്ത്രം ഘടിപ്പിച്ച ബോട്ടുകളില്‍ ചെറുമീനുകളെ പിടിക്കുന്നത് മത്സ്യസമ്പത്ത് വര്‍ദ്ധിക്കില്ലെന്നും ട്രോളിംഗ് നിരോധനത്തിന് പകരം മത്സ്യബന്ധന നിരോധനമാണ് വേണ്ടതെന്നും തൊഴിലാളികള്‍ പറഞ്ഞു.
ഉപരിതല മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനായ് മുപ്പത്തിയാറ് വര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ട്രോളിംഗ് നിരോധനം നടപ്പിലാക്കിയിരുന്നു.മത്സ്യങ്ങളുടെ പ്രജനനകാലം ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെ ആയതിനാല്‍ ട്രോളിംഗ് നിരോധനം ഈ മാസങ്ങളില്‍ നടപ്പാക്കണം എന്നാണ് ബോട്ട് ഉടമകളുടെ ആവശ്യം.
മാത്രമല്ല കടക്കെണിയിലായ ബോട്ട് ഉടമകളെ സംരക്ഷിക്കാന്‍ ട്രോളിംഗ് നിരോധന കാലയളവിലെ അവസാനത്തെ രണ്ടാഴ്ചയെങ്കിലും ഇളവ് അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.