Share this Article
വിചാരണയ്‌ക്കെത്തിച്ച പ്രതികള്‍ അക്രമാസക്തരായി; കൊല്ലം ജില്ലാ കോടതിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു
വെബ് ടീം
posted on 07-08-2023
1 min read
accused broke the windows kollam district court

കൊല്ലം: വിചാരണയ്‌ക്കെത്തിച്ച പ്രതികള്‍ കൊല്ലം ജില്ലാ കോടതിയിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. 2016 ജൂണ്‍ പതിനഞ്ചിന് കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനം നടത്തിയ കേസിലെ പ്രതികളാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്തത്. ആന്ധ്രാപ്രദേശിലെ കടപ്പ ജയിലില്‍ നിന്നാണ് ഇന്ന് പ്രതികളെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചത്. അതിനിടെയാണ് പ്രതികള്‍ അക്രമാസക്തരയാത്. 

പ്രതികളെ ആന്ധ്ര ജയിലില്‍ നിന്ന് തിരുവനന്തപുരം ജയിലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എഴുതുന്നതിനിടെയാണ് പ്രതികള്‍ കോടതിയില്‍ അക്രമം കാണിച്ചത്. ജഡ്ജിയെ കാണണമെന്നാവശ്യപ്പെട്ട് പ്രകോപനം സൃഷ്ടിച്ച പ്രതികള്‍ വിദ്വേഷ മുദ്രാവാക്യങ്ങളും വിളിച്ചു. തമിഴ്‌നാട്ടിലെ ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകരായ അബ്ബാസ് അലി,  ഷംസൂന്‍ കരീം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നീ നാലുപേരാണ് കേസിലെ പ്രതികള്‍. 

അക്രമാസക്തരായ പ്രതികള്‍ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസും ആന്ധ്രയില്‍ നിന്ന് എത്തിയ പൊലീസും ചേര്‍ന്ന് പ്രതികളെ സുരക്ഷിത വാഹനത്തിലേക്ക് കയറ്റി. പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 

2016 ജൂണ്‍ പതിനഞ്ചിന് രാവിലെ 11മണിയോടെയാണ്  കൊല്ലം കലക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം ഉണ്ടായത്. തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ പാത്രത്തില്‍ ബോംബ് വയ്ക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് നിസാര പരിക്കേറ്റിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories