കൊച്ചി: ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച ഓട്ടോ ഡ്രൈവര്‍ രേവത് ബാബുവിനെതിരെ പരാതി. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണം എന്ന് ചൂണ്ടിക്കാണിച്ചാണ് ആലുവയിലെ റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയിട്ടുള്ളത്. തെറ്റായ പ്രസ്‌താവനവഴി മതസ്‌പര്‍ധയുണ്ടാക്കാനും കലാപത്തിനും ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പൊതുപ്രവര്‍ത്തകനായ അഡ്വ. ജിയാസ് ജമാലാണ് ആലുവ റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയത്.
ഹിന്ദിക്കാരുടെ കുട്ടികള്‍ക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞുവെന്നാണ് ശേഷക്രിയക്ക് പിന്നാലെ രേവത് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഈ കാര്യങ്ങള്‍ മാറ്റിപ്പറയുന്ന ഇദ്ദേഹത്തിന്റെ തന്നെ പ്രതികരണം പുറത്തുവരുന്നിരുന്നു. ചെറിയ കുട്ടികള്‍ക്ക് ശേഷക്രിയ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞെന്നാണ് ഇയാളിപ്പോള്‍ പറയുന്നത്. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിച്ചാണ് പരാതി ഉന്നയിച്ചിട്ടുള്ളത്.ഇയാളുടെ പരാമർശം വ്യാജമാണെന്ന് കാട്ടി നിരവധി പേർ രംഗത്ത് വന്നു.
ഇതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് രേവത് ബാബു പ്രതികരിക്കുകയായിരുന്നു. ചെറിയ കുട്ടിയായത് കൊണ്ട് കർമ്മങ്ങൾ ചെയ്യാറില്ലെന്ന് ആയിരുന്നു സമീപിച്ചവർ പറഞ്ഞത് എന്നാണ് രേവത് ബാബു തിരുത്തി പറഞ്ഞ്. ഇതിന് ശേഷം പരാമർശത്തിൽ രേവത് ബാബു മാപ്പു പറയുകയും ചെയ്തിരുന്നു