ഡല്‍ഹി ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചതായി സമരക്കാര്‍ ആരോപിച്ചു. വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചു.
ഐഎഎസ് പരിശീലന കേന്ദ്രത്തിലുണ്ടായ വെള്ളക്കെട്ടില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥി നെവീന്‍ ഡാല്‍വിന്റെ മൃതദേഹം തിരുവനനന്തപുരത്തെ വീട്ടിലെത്തിക്കും. മറ്റ് വിദ്യാര്‍ത്ഥികളായ ശ്രേയ യാദവിന്റെയും ടാണിയ സോണി എന്നിവരുടെ മൃതദേഹവും വീട്ടുകാര്‍ക്ക് വിട്ടു നല്‍കി.
ദുരന്തത്തിന്റെ കാരണക്കാരെ കണ്ടെത്തി കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ അധികൃതര്‍ നടപടി സ്വീകരിച്ചു.അശാസ്ത്രീയമായി നിര്‍മ്മിച്ച ഓടകള്‍ പൊളിച്ചു നീക്കുകയും, അക്കാഡമി നടത്തിപ്പുകാരായ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റാവൂസ് അക്കാഡമിയിലെ ലൈബ്രറി അനധികൃതമായാണ് പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി സീല്‍ ചെയ്ത് പൂട്ടി.
തൊട്ടുപിന്നാലെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പതിമൂന്ന് അക്കഡാമികളും അടച്ചു പൂട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് അക്കാഡമി ഒരുക്കി നല്‍കിയ ഇടുങ്ങിയ മുറി സാമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
സംഭവത്തില്‍ ആം ആദ്മിക്കെതിരെ ബിജെപി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.തുടര്‍ന്ന് പ്രതിഷേധിവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിഷേധത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.