ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വമ്പൻ ജയം നേടി രാഹുൽ ഗാന്ധി. ഇരു മണ്ഡലങ്ങളിലും മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. വയനാട്ടിൽ 3 ,64 ,422 വോട്ടിന്റെ ലീഡാണ് രാഹുൽ നേടിയത്. അതേ സമയം റായ്ബറേലിയിൽ 3,88,615 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്.
ഏത് മണ്‌ഡലം നിലനിർത്തുമെന്നതിൽ ഇന്ന് ചേർന്ന ഇന്ത്യ സഖ്യത്തിന്റെ വാർത്താ സമ്മേളനത്തിൽ രാഹുൽ മറുപടി പറഞ്ഞു. എന്തായാലും രണ്ടു മണ്ഡലം നിലനിറുത്താൻ പറ്റില്ല.ഒന്നിലേ തുടരാൻ കഴിയൂ. ഏത് മണ്‌ഡലം എന്നത് പിന്നീട് തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു.
ഇൻഡ്യാ മുന്നണിക്ക് ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നില്ലെന്നും ഭരണഘടന സംരക്ഷിക്കുന്നതിനാണ് സഖ്യം പ്രാധാന്യം നൽകിയതെന്നുമാണ് രാഹുലിന്റെ പ്രതികരണം. പത്രസമ്മേളനത്തിൽ ഭരണഘടന ഉയർത്തിക്കാട്ടാനും രാഹുൽ മറന്നില്ല.
"രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇൻഡ്യാ സഖ്യം നടത്തിയത്. ഇന്ത്യയിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. വലിയ അഭിമാനമാണ് ഈ നിമിഷം തോന്നുന്നത്. എന്റെ രാജ്യം, അതിന്റെ ഭരണഘടന സംരക്ഷിക്കാൻ കൂട്ടുനിന്ന ജനങ്ങൾ.... സാധാരണക്കാരായവരിൽ സാധാരണക്കാരായ, യാതൊരു പ്രിവിലേജും ഇല്ലാത്ത പൗരന്മാരാണ് ഭരണഘടനയ്ക്കായി ശബ്ദമുയർത്തിയത്- ദലിതരും കർഷകരുമെല്ലാം. എല്ലാവരോടും വലിയ നന്ദി". രാഹുൽ പറഞ്ഞു.