തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.
മഴയ്ക്ക് പുറമെ നാല് ജില്ലകളിലും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.