Share this Article
മഹാരാഷ്ട്രയില്‍ ബിജെപിക്ക് മുന്‍തൂക്കം, ഝാര്‍ഖണ്ഡില്‍ എന്‍ഡിഎ അധികാരത്തില്‍ വരും; ആദ്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
വെബ് ടീം
posted on 20-11-2024
1 min read
EXIT POLL

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വരുമെന്നാണ് ആദ്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. മഹാരാഷ്ട്രയില്‍ എന്‍ഡിഎ 150 മുതല്‍ 170 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എബിപി ന്യൂസിന്റെ പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ മഹായുതി സഖ്യത്തിനെതിരെ ഇഞ്ചോടിച്ച് പോരാട്ടം കാഴ്ച വെച്ച പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 110 മുതല്‍ 130 സീറ്റുകളില്‍ ഒതുങ്ങുമെന്നും എബിപി ന്യൂസിന്റെ പ്രവചനത്തില്‍ പറയുന്നു.

പി മാര്‍ക്ക് സര്‍വേയിലും ബിജെപി സഖ്യത്തിന് തന്നെയാണ് മുന്‍തൂക്കം. 137 മുതല്‍ 157 സീറ്റുകള്‍ വരെ ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. പോള്‍ ഡയറിയും മഹാരാഷ്ട്ര മഹായുതി സഖ്യം മുന്നില്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. അതിനിടെ ഝാര്‍ഖണ്ഡില്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് ഭാരത് പ്ലസിന്റെ പ്രവചനം. ഝാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെഎംഎം നയിക്കുന്ന ഇന്ത്യാ ബ്ലോക്കിനെ പരാജയപ്പെടുത്തി ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് അധികാരത്തില്‍ വരുമെന്നാണ് ആദ്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം നവംബര്‍ 23ന് പ്രഖ്യാപിക്കും.

മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ (105) നേടിയപ്പോള്‍, ശിവസേന (56), കോണ്‍ഗ്രസും (44) തൊട്ടുപിന്നില്‍ എത്തി. മഹായുതി സഖ്യത്തില്‍ ബിജെപി, ശിവസേന, എന്‍സിപി (അജിത് പവാര്‍ വിഭാഗം) എന്നി പാര്‍ട്ടികളാണ് ഉള്ളത്. കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍ വിഭാഗം) എന്നി പാര്‍ട്ടികളുടെ സഖ്യമാണ് മഹാ വികാസ് അഘാഡി. 1990 ല്‍ 141 സീറ്റ് കിട്ടിയതിന് ശേഷം ഇതുവരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് 100 ന് മുകളില്‍ സീറ്റ് നേടാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ കോണ്‍ഗ്രസ് 102 സീറ്റുകളിലാണ് മത്സരിക്കുന്നത്

ഝാര്‍ഖണ്ഡില്‍ രണ്ടുഘട്ടമായി 81 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നവംബര്‍ 13നായിരുന്നു ആദ്യഘട്ടം. രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്നായിരുന്നു. 2019ല്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 30 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 16 ഉം, ആര്‍ ജെ ഡിഒന്നും സീറ്റുകളില്‍ വിജയിച്ചു. ബിജെപി 25 സീറ്റുകളാണ് നേടിയത്. ജെ വി എം മൂന്ന് സീറ്റും, എ ജെ എസ് യു രണ്ട് സീറ്റും സിപിഐ എംഎല്‍, എന്‍സിപി കക്ഷികള്‍ ഒന്നു വീതവും ഇതര പാര്‍ട്ടികള്‍ രണ്ടു സീറ്റും നേടി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories