തിരുവനന്തപുരം: മകന്റെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ മാതാവാണ് കിണറ്റില്‍ ചാടി മരിച്ചത്. നെടുമങ്ങാട് മുള്ളൂര്‍ക്കോണം അറഫയില്‍ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് പൂക്കോട് ക്യാംപസില്‍ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് പിജി വിദ്യാര്‍ഥിയായ സജിന്‍ മുഹമ്മദ് (28) മരിച്ചത്. എന്നാല്‍ മാതാവ് ഷീജ ബീഗത്തെ മരണവിവരം അറിയിക്കാതെ ബന്ധുക്കള്‍ ഇന്നലെ വൈകിട്ട് കഴക്കൂട്ടത്തെ ബന്ധുവീട്ടില്‍ കൊണ്ടുവിട്ടശേഷം മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്കു പോയി.
രാത്രിയോടെ മകന്റെ മരണവാര്‍ത്ത സാമൂഹിക മാധ്യമത്തിലൂടെ അറിഞ്ഞ ഷീജ, ബന്ധുവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവ് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.