കൊച്ചി: സിനിമ-സീരിയല്‍ നടന്‍ കൈലാസ്നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം.(നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുവനന്തപുരം വലിയവിളയില്‍ നടക്കും.
സിനിമകളേക്കാൾ കൂടുതൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ് നടൻ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനാവുന്നത്.മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം, മനസറിയാതെ സീരിയലുകളില്‍ അഭിനയിച്ചു.സേതുരാമയ്യര്‍ സിബിഐ, സ്വന്തം എന്ന പദം, ഇരട്ടി മധുരം, ശ്രീനാരായണ ഗുരു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഏറെകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തിൽ 'ഇതു നല്ല തമാശ' എന്ന സിനിമ സംവിധാനം ചെയ്തു. 1977ൽ പുറത്തിറങ്ങിയ 'സംഗമം' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമരംഗത്തേക്ക് എത്തിയത്. തമിഴ് സിനിമ മേഖലയിലും സജീവമായിരുന്നു.തമിഴില്‍ തൊണ്ണൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
നടി സീമ ജി. നായര്‍ അടക്കമുള്ളവര്‍ കൈലാസ് നാഥിന്റെ വിയോഗവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.